മുംബൈ: 17 കുട്ടികളെ ബന്ദികളാക്കി മുംബൈ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ്. പൊവൈയിലാണ് സംഭവം. വെബ് സീരിസ് ഓഡിഷന് വേണ്ടി എന്ന പേരില്‍ വിളിച്ച് വരുത്തിയ കുട്ടികളേയും രണ്ട് മുതിര്‍ന്ന ആളുകളേയും ആണ് രോഹിത് ആര്യ എന്നയാള്‍ ഒരു മണിക്കൂറോളം ബന്ദികളാക്കിയത്.
തുടര്‍ന്ന് ഇയാള്‍ ഒരു വീഡിയോ പുറത്ത് വിടുകയും ചെയ്തു. ചിലരുമായി തനിക്ക് സംസാരിക്കണമെന്നും അത് നടന്നില്ലെങ്കില്‍ കെട്ടിടത്തിന് തീ വെയ്ക്കും എന്നുമാണ് ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കിയത്.
പിന്നാലെ മുംബൈ പോലീസ് സ്ഥലത്ത് എത്തി കുട്ടികള്‍ അടക്കം എല്ലാവരേയും സുരക്ഷിതമായി മോചിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിനിടെ പോലീസിന്റെ വെടിയേറ്റ് പ്രതി മരണപ്പെട്ടു. വെടിയേറ്റ രോഹിത് ആര്യയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു . ഇയാള്‍ മാനസിക രോഗിയാണ് എന്നാണ് പോലീസ് പറയുന്നത്.
സംഭവം നടന്ന ആര്‍എ സ്റ്റുഡിയോയിലെ ജീവനക്കാരനാണ് രോഹിത ആര്യ. ഇയാള്‍ക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഏതാനും ദിവസങ്ങളായി ഈ സ്റ്റുഡിയോയില്‍ വെച്ച് ഇയാള്‍ കുട്ടികള്‍ക്ക് സിനിമയിലേക്ക് തിരഞ്ഞെടുക്കാന്‍ എന്ന പേരില്‍ ഓഡിഷന്‍ നടത്തുന്നുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു.
ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി 8 വരെയായിരുന്നു ഓഡിഷന്‍ നടന്ന് കൊണ്ടിരുന്നത്. നിരവധി രക്ഷിതാക്കള്‍ കുട്ടികളുമായി ഇവിടേക്ക് ഓഡിഷന് എത്തുകയും ചെയ്തിരുന്നു.
ഇന്ന് ഓഡിഷന് വേണ്ടി എത്തിയ നൂറോളം കുട്ടികളില്‍ 80 പേരെ ഇയാള്‍ തിരിച്ച് പോകാന്‍ അനുവദിക്കുകയും 17 കുട്ടികളെ സ്റ്റുഡിയോയില്‍ ബന്ദികളാക്കുകയുമായിരുന്നു.
തുടര്‍ന്ന് പുറത്ത് വിട്ട വീഡിയോയില്‍ ഇയാള്‍ പറയുന്നത്, തനിക്ക് പണം ആവശ്യമില്ലെന്നും താനൊരു തീവ്രവാദി അല്ലെന്നുമാണ്. ചില കാര്യങ്ങള്‍ തനിക്ക് സംസാരിക്കുകയാണ് വേണ്ടത്. ആ പദ്ധതി പ്രകാരമാണ് കുട്ടികളെ ബന്ദികളാക്കിയിരിക്കുന്നത്.
താന്‍ ജീവനോടെ ഉണ്ടെങ്കില്‍ ആ പദ്ധതി താന്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്യുമെന്നും ഇയാള്‍ പറയുന്നു. എന്തെങ്കിലും തെറ്റായ നീക്കം തനിക്കെതിരെ ഉണ്ടായാല്‍ കെട്ടിടത്തിന് തീകൊളുത്തി മരിക്കും.
കുട്ടികള്‍ക്കും ഉപദ്രവം ഉണ്ടാകും, അവര്‍ ട്രോമയിലാകും, അതിന് മുകളില്‍ വല്ലതും സംഭവിക്കുമോ എന്ന് തനിക്ക് പറയാനാകില്ല. സംഭവിച്ചാല്‍ അതിന് ഉത്തരവാദി താന്‍ ആകില്ല, മറിച്ച് തന്നെ ട്രിഗര്‍ ചെയ്യുന്നവരായിരിക്കും, എന്നും വീഡിയോയില്‍ രോഹിത് പറയുന്നു
തനിക്ക് പറയാനുളളത് പറഞ്ഞ് കഴിഞ്ഞ് പുറത്തേക്ക് വരും. താന്‍ തനിച്ചല്ല, കൂടെ ഇനിയും ആളുകളുണ്ട്. ആരെയും ഉപദ്രവിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും തന്നെ പ്രകോപിപ്പിക്കരുത് എന്നും ഇയാള്‍ പുറത്ത് വിട്ട പറയുന്നു. തുടര്‍ന്ന് മുംബൈ പോലീസ് അതിവേഗത്തില്‍ സ്ഥലത്തേക്ക് എത്തുകയും സ്റ്റുഡിയോയുടെ ബാത്ത്‌റൂം വഴി അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. രോഹിത് ആര്യനെ കീഴ്‌പ്പെടുത്തി മുഴുവന്‍ കുട്ടികളേയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു.
സ്റ്റുഡിയോയില്‍ നിന്ന് എയര്‍ ഗണ്ണുകളും ചില രാസവസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 15 വയസ്സ് പ്രായമുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ബന്ദിയാക്കപ്പെട്ടത്.
