തിരുവനന്തപുരം: ഏപക്ഷീയമായി ആറാം പ്രവൃത്തിദിനം ക്ലസ്റ്റർ പരിശീലനം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് ബഹിഷ്ക്കരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
മുൻകാലങ്ങളിൽ അധ്യാപക പരിശീലനങ്ങൾ ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നത് ക്യു ഐ പി സംഘടനാ യോഗങ്ങളും മറ്റു ഉന്നതതല ചർച്ചകളിലൂടെയായിരുന്നു. രണ്ടാം ഇടതു സർക്കാർ വന്നതു മുതൽ അധ്യാപകരെ മാനിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന നയങ്ങളാണ് തുടരുന്നത്.
അപ്രഖ്യാപിത നിയമന നിരോധനവും തസ്തിക വെട്ടിക്കുറക്കലുകളുടെയും പൊതുവിദ്യാഭ്യാസ മേഖലയെ ആസൂത്രിതമായി തകർക്കുകയും മറുവശത്ത് രാഷ്ട്രീയ നേട്ടത്തിന്ന് പാലിക്കപ്പെടാത്ത പൊള്ളയായ വാഗ്ദാനങ്ങൾ ഉയർത്തുന്നത് തുടരുകയും ചെയ്യുന്നു.
പൊതു സമൂഹത്തെയും പൊതുവിദ്യാഭ്യാസ മേഖലയേയും വഞ്ചിക്കുന്ന സർക്കാർ നയങ്ങൾ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന കമ്മറ്റി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര "മാറ്റൊലി"ക്ക് കഴിഞ്ഞുവെന്ന് യോഗം വിലയിരുത്തി.
സർക്കാരിൻ്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങൾക്കെതിരെ ഒക്ടോബർ 18ന് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിക്കാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ബി സുനിൽകുമാർ, എൻ രാജ്മോഹൻ , ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, പി എസ് ഗിരീഷ്, സാജു ജോർജ്, ജി.കെ ഗിരീഷ്, അരുണ എം.കെ, ജോൺ ബോസ്കോ, പി എസ് മനോജ്, നാസർ പി എം , വിനോദ് കുമാർ പി, ഹരിലാൽ പി പി, ശ്രീജിത്ത് പി എം, ആബിദ് ടി, സന്ധ്യ സി വി , തനൂജ ആർ എന്നിവർ സംസാരിച്ചു.