Zygo-Ad

ആനക്കൊമ്പ് കേസ്; ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്: ഉത്തരവ് മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടിയായി


കൊച്ചി:ആനക്കൊമ്പ് കേസില്‍ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി.

 മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഹൈക്കോടതി വിധി പറഞ്ഞു. 

കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമർപ്പിച്ച ഹർജിയിലുമാണ് വിധി പ്രഖ്യാപനം ഉണ്ടായത്. മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമ വിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.

തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

കേസ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹൻലാല്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ സമ്പാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറഞ്ഞത്.

ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമ വിധേയമാക്കിയ സർക്കാർ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

 ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ച്‌ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. 

എന്നാല്‍ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015 ല്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ 2015ലെ ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സര്‍ക്കാരിന്‍റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. 

സര്‍ക്കാര്‍ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ