കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും സ്വർണം, വെള്ളി വിലയിൽ ഇടിവ് തുടരുന്നു. റെക്കോഡ് വിലയിലെത്തിയതോടെ നിക്ഷേപകർ തങ്ങളുടെ കൈവശമുള്ള സ്വർണം വിറ്റ് ലാഭമെടുക്കൽ ശക്തമാക്കിയതാണ് വിലിയിടിവിനുള്ള പ്രധാന കാരണം.
സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒക്ടോബർ 21ന് പവന് 97,360 രൂപയായിരുന്നു വില. രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 5,640 രൂപയെന്നും കണക്കുകൾ പറയുന്നു.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,430 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 7,350 രൂപയും 9 കാരറ്റിന് 4,750 രൂപയുമാണ് വില. വെള്ളി വിലയിൽ കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 165 രൂപയിലെത്തി.