Zygo-Ad

വന്ദേഭാരതിന് കടന്നു പോകാൻ ഗേറ്റ് അടഞ്ഞു, മുഹമ്മദിനെ മാറോടണച്ച്‌ മാധ്യമ പ്രവർത്തകൻ ഷാക്കിര്‍ റെയില്‍പാളം മുറിച്ചു കടന്ന് ഓടി: എന്നിട്ടും രക്ഷിക്കാനായില്ല


തൃക്കരിപ്പൂർ: അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് മുറിച്ചു കടന്ന് മുഹമ്മദിനെ മാറോടണച്ച്‌ ഷാക്കിർ ഓടുന്ന കാഴ്ച കണ്ടു നിന്നവരുടെ നോവായി മാറി.

ഒരു ജീവൻ രക്ഷിക്കാൻ ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ശ്രമം. പക്ഷേ, വെറുതെയായി. മുഹമ്മദിനെ രക്ഷിക്കാനായില്ല.

വലിയപറമ്പ് ബീരാൻകടവ് ബോട്ടുജെട്ടിക്ക് സമീപം ചൂണ്ടയിടുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ഇ.എം.ബി.മുഹമ്മദി(13)നെ തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആസ്പത്രിയിലേക്ക് കുതിക്കുമ്പോള്‍ വെള്ളാപ്പിലെ റെയില്‍വേ ഗേറ്റ് അടഞ്ഞു. കുട്ടി അപകടത്തില്‍പ്പെട്ട വിവരം ശേഖരിക്കാൻ ബീരാൻകടവിലേക്ക് പോകുകയായിരുന്നു ഷാക്കിർ. 

ഇടയിലക്കാട്ടെത്തിയപ്പോഴേക്കും കുട്ടിയെ കിട്ടിയതായി വിവരം ലഭിച്ചു. തിരികെ തൃക്കരിപ്പൂരിലേക്ക് പോകാൻ വെള്ളാപ്പ് റെയില്‍വേ ഗേറ്റിനടുത്തെത്തിയപ്പോള്‍ ഗേറ്റ് അടക്കുന്ന സമയമാണെന്ന് മനസ്സിലായി. 

അപകടത്തില്‍പ്പെട്ട കുട്ടിയെയും കൊണ്ട് വരുന്നുണ്ടെന്നും അടക്കരുതെന്നും ഷാക്കിർ ഗേറ്റ്മാനോട് അഭ്യർഥിച്ചു. പക്ഷേ വന്ദേഭാരതായതിനാല്‍ തുറക്കാനാകില്ലെന്ന് ക്ഷമാപണത്തോടെ ഗേറ്റ്മാൻ പറഞ്ഞു. 

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാസർഗോഡ് ഭാഗത്തേക്കുള്ള വന്ദേഭാരതിനു വേണ്ടിയാണ് ഗേറ്റടച്ചത്. തുറക്കാൻ സമയമെടുക്കുമെന്ന് കണ്ടതോടെ അഗ്നിരക്ഷാസേനയുടെ വാഹനത്തില്‍ നിന്ന് കുട്ടിയെ വാരിയെടുത്ത് തൃക്കരിപ്പൂരിലെ പ്രാദേശിക ടിവി ചാനലായ ടിസിഎന്നിന്റെ ക്യാമറാമാൻ എ.ജി.ഷാക്കിർ ഓടി. 

ഗേറ്റിന്റെ മറുഭാഗത്ത് ഒരു കുടുംബം ഓട്ടോറിക്ഷയില്‍ വരുന്നുണ്ടായിരുന്നു. വിവരം പറഞ്ഞ് അവരെ അതില്‍ നിന്ന് ഇറക്കി ഷാക്കിർ ഓട്ടോ തയ്യാറാക്കി നിർത്തി. 

അപ്പോഴേക്കും അഗ്നിരക്ഷാസേനയുടെ വാഹനമെത്തി. ഇതോടെ കുട്ടിയെ എടുത്ത് മറുഭാഗത്തേക്ക് കുതിക്കുകയായിരുന്നു. വലിയപറമ്പ് ബീച്ചാര കടപ്പുറം സ്വദേശിയാണ് ഷാക്കിർ. പിന്നാലെ അഗ്നിരക്ഷാസേനാ ജീവനക്കാരും നാട്ടുകാരും. 

മറുഭാഗത്തെ ഗേറ്റിനു പുറത്ത് നാട്ടുകാർ കുട്ടിയെ ഏറ്റു വാങ്ങി ഓട്ടോയില്‍ കയറ്റി ആസ്പത്രിയിലെത്തിച്ചു. നാട് മുഴുവൻ ഒരു നിമിഷം ഒരുപോലെ പ്രാർഥിച്ചു. പക്ഷേ മുഹമ്മദ് മരിച്ചിരുന്നു. അഞ്ചു മിനിറ്റോളം റെയില്‍വേ ഗേറ്റില്‍ നഷ്ടപ്പെട്ടു. 

ഗേറ്റ് അടഞ്ഞിരുന്നില്ലെങ്കില്‍ ഒരു പക്ഷേ രക്ഷിക്കാനാകുമായിരുന്നെന്ന് ചിലരെങ്കിലും കരുതുന്നു. സ്വന്തം ജീവൻ അവഗണിച്ച്‌ ഓടിയിട്ടും രക്ഷിക്കാനായില്ലല്ലോ എന്ന നിരാശയായിരുന്നു മാധ്യമ പ്രവർത്തകനായ ഷാക്കിറിന്.

ആഴംകൂട്ടിയ ബോട്ട് ചാലില്‍ ചെളിയില്‍ പൂണ്ടുപോയ നിലയിലാണ് മുഹമ്മദിനെ അഗ്നിരക്ഷാസേന കണ്ടെത്തിയത്.

 ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. 

ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ഇ.എം.ബി.നിസാർ (പെയിൻറിങ് തൊഴിലാളി). മാതാവ്: കെ.പി.സമീറ. സഹോദരി: ജുമാന.

വളരെ പുതിയ വളരെ പഴയ