Zygo-Ad

ക്ലാസില്‍ ഉറങ്ങിയ പ്ലസ് വൺ വിദ്യാര്‍ഥിനിയുടെ തലയില്‍ പുസ്തകം കൊണ്ട് അടിച്ചു; അധ്യാപികക്ക് എതിരേ പരാതി


കൊല്ലം: ഡസ്‌കില്‍ തലവെച്ചു ഉറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരു വശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 

കിഴക്കേ കല്ലട സിവികെഎം സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള ക്ലാസിലെത്തിയ അധ്യാപികയാണ് കിഴക്കേ കല്ലട സ്വദേശിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി ആരോപണമുള്ളത്.

ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ രാത്രി മുഴുവന്‍ ശുശ്രൂഷിച്ചതിന്റെ ഉറക്കക്ഷീണവുമായാണ് വിദ്യാര്‍ഥിനി ക്ലാസിലെത്തിയതെന്ന് കുടുംബം പറയുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഡസ്‌കില്‍ തലവെച്ച് ഉറങ്ങിപ്പോയി. 

ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ ഉണര്‍ത്താതെ ഭാരമേറിയ പുസ്തകം മടക്കി തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ശാരീരികമായി ബുദ്ധിമുട്ടുണ്ടായെങ്കിലും കുട്ടി വിവരങ്ങള്‍ വീട്ടില്‍ അറിയിച്ചില്ല. ഞായറാഴ്ച വൈകീട്ടോടെ ചൂടും പനിയും ശരീര വേദനയും ബാധിച്ചു. 

ഇതോടെ ഭയന്ന വിദ്യാര്‍ഥിനി കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നാലു ദിവസം പൂര്‍ണമായും വിശ്രമിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു.

 ഛര്‍ദ്ദിക്കുകയാണെങ്കില്‍ ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കിഴക്കേ കല്ലട പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.

വളരെ പുതിയ വളരെ പഴയ