മലപ്പുറം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം അഞ്ചരപ്പവൻ സ്വർണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിലായി.
ചമ്രവട്ടം തൂമ്പില്‍ മുഹമ്മദ് അജ്മലിനെ(21)യാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. തന്റെ പിതാവ് സ്വർണ വ്യാപാരിയാണെന്നും സ്വർണമാല പണിയിപ്പിച്ചു തരാമെന്നും പറഞ്ഞായിരുന്നു കബളിപ്പിക്കല്‍.
വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പുതിയ മാല പണിയാൻ അതിന്റെ ചിത്രവും വീടിന്റെ ലൊക്കേഷനും ആവശ്യപ്പെട്ട് അജ്മല്‍ സന്ദേശമയച്ചു.
പെണ്‍കുട്ടി മാതാവിന്റെ മാല അവരറിയാതെ കൈക്കലാക്കിയ ശേഷം ലൊക്കേഷനും മാലയുടെ ചിത്രവും അയച്ചു കൊടുത്തു. തുടർന്ന് വീട്ടിലെത്തിയ അജ്മലിന് ജനാല വഴി മാല നല്‍കി. യുവാവ് പിന്നീട് സാമൂഹിക മാധ്യമ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍പ്പോയി.
കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചാണ് അജ്മലിനെ പിടികൂടിയത്.
മുൻപ് കല്‍പ്പകഞ്ചേരി സ്വദേശിനിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് അജ്മല്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ തട്ടിപ്പ്. കല്‍പ്പകഞ്ചേരി, തിരൂർ പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ സമാനമായ കേസുകളുണ്ട്.
മലപ്പുറം പോലീസ് മേധാവി ആർ. വിശ്വനാഥ്, തിരൂർ ഡിവൈഎസ്പി എ.ജെ. ജോണ്‍സണ്‍ എന്നിവരുടെ നിർദേശപ്രകാരം വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ ബഷീർ സി. ചിറക്കലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
എസിപിഒമാരായ ഷൈലേഷ്, പി. സജുകുമാർ എന്നിവരും ഡാൻസാഫ് സംഘവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.