ന്യൂഡൽഹി: തെരുവ് നായകളെ പിടികൂടി ഷെല്‍ട്ടറില്‍ പാർപ്പിക്കാൻ നിർദേശിച്ച വിവാദപരമായ ആഗസ്റ്റ് എട്ടിലെ ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച ഭേദഗതി ചെയ്തു.
പൊതു സ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തെരുവുനായ പ്രശ്നം രാജ്യ വ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും.
നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നു വിടാം. പേവിഷ ബാധയുള്ളവയെ തുറന്നു വിടരുത്. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും തുറന്നു വിടരുത്. എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന നിര്‍ദേശം തിരുത്തി.
'തെരുവ് നായ്ക്കളെ തുറന്നുവിടുന്നതിനുള്ള നിരോധനം നിർത്തലാക്കും. അവയെ വിരമരുന്ന് നല്‍കി, പ്രതിരോധ കുത്തിവയ്പ്പ് നടത്തി അതേ സ്ഥലത്തേക്ക് തിരിച്ചയക്കണം', സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ആഗസ്റ്റ് എട്ടിലെ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തിയത്.
ഡല്‍ഹി-എൻസിആർ മേഖലയിലെ എല്ലാ തെരുവ് നായകളെയും എട്ട് ആഴ്ചക്കകം പിടികൂടി പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നായിരുന്നു പഴയ ഉത്തരവ്.
ജസ്റ്റിസ് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഈ ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിയത്. കോടതിയുടെ ഈ തീരുമാനം മൃഗ സ്നേഹികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.