Zygo-Ad

സ്വകാര്യ ബസ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി, സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം; ഉടമകൾക്കിടയിൽ ഭിന്നത

 


സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ സംഘടനകളിൽ ഭിന്നിപ്പ്. ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി. ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറമാണ് പിൻമാറിയത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി വിവിധ ബസ് ഉടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ബസ് ഓപറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗതാഗത മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.


അതേസമയം, ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് ഒരു വിഭാഗം ബസ് ഉടമകളുടെ സംഘടനകൾ മാധ്യമങ്ങളെ അറിയിച്ചു. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ എട്ടിന് ബസുടമ സംയുക്ത സമിതി സൂചന പണിമുടക്ക് നടത്തിയിരുന്നു. കൂടാതെ, ചൊവ്വാഴ്ച 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

ദീർഘകാലമായി സർവിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളുടേയും ദീർഘദൂര ബസുകളുടേയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായും വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്നത് നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ധർണയും മാർച്ചുമടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ സംയുക്ത സമിതി തീരുമാനിച്ചത്.

വളരെ പുതിയ വളരെ പഴയ