കോഴിക്കോട്: കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്.
പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി എംഡിഎംഎ കടത്തുകയായിരുന്നു. പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന 3 പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂര്യ ജൂലൈ 16 ആണ് ഒമാനിലേക്ക് പണി അന്വേഷിച്ചു പോയത്. നേരത്തെ പരിചയം ഉള്ള ഒമാനിലെ നൗഫല്‍ എന്ന ആളുടെ അടുത്ത് ജോലി അന്വേഷിച്ചു പോയത് ആണ്.
4 ദിവസത്തിനകം മടങ്ങി. അപ്പോഴാണ് ഒരു ബാഗ് കൊടുത്തയച്ചത്. സൂര്യയെ കൂട്ടിക്കൊണ്ടു പോകാൻ 2 കാറില്‍ ആളുകള്‍ എത്തിയിരുന്നു.
പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികള്‍ ആണ് വാഹനത്തില്‍ വന്നത്. ഇവർ എത്തിയ 2 കാറുകളും പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
അതിനിടെ പാലക്കാടും ഇന്ന് വൻ ലഹരി വേട്ട നടന്നിരുന്നു. 335 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് യുവാക്കള്‍ പൊലീസ് പിടിയിലായത്.
മണ്ണാർക്കാട് ആലുങ്കല്‍ സ്വദേശി ഫാസില്‍, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നാണ് പ്രതികളെ പിടി കൂടിയത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.