പാലക്കാട് : പാലക്കാട് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി ജില്ലാ ഭരണകൂടം.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 58 കാരനാണ് ഒടുവിലായി നിപ ബാധിച്ച് മരിച്ചത്. മരിച്ചയാളുടെ മണ്ണാർക്കാട്ടെ വീടിന് മൂന്ന് കിലോ മീറ്റർ ചുറ്റളവില്‍ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.
മേഖലയിലെ കണ്ടൈയ്ൻമെന്റ് സോണുകള്‍ ഉടൻ പ്രഖ്യാപിക്കും. മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ക്വാറന്റൈനില്‍ പോകണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5 മണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. സാംപിള്‍ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.