നല്ല തേനൂറുന്ന തേന്‍വരിക്ക കിട്ടിയാല്‍ എങ്ങനെ കഴിക്കാതിരിക്കും? കിട്ടിയതിലൊരു പങ്കുമായി പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതാണ് ഡ്രൈവര്‍. എന്നാല്‍ താന്‍ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹത്തോടെ കൊണ്ടുകൊടുത്ത ചക്ക ചതിക്കുമെന്നയാള്‍ ഒരിക്കലും കരുതിയില്ല. വീട്ടില്‍ ചക്ക മുറിച്ചപ്പോള്‍ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ അതിലൊരു പങ്ക് മറ്റു ജീവനക്കാര്‍ക്കു കൂടി കൊടുക്കാമെന്ന് കരുതി. രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോള്‍ നല്ല ചക്കച്ചുള കണ്ട് ഡ്രൈവര്‍മാരിലൊരാള്‍ ഡ്യൂട്ടിക്ക് പോകുംമുമ്പ് അത് അകത്താക്കുകയും ചെയ്തു. എന്നാല്‍ ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ 'ഊതിക്കല്‍' തുടങ്ങിയപ്പോഴാണ് ചക്ക ചതിച്ചെന്ന് മനസിലായത്. പൂജ്യത്തിലായിരുന്ന ബ്രെത്തലൈസര്‍ ഊതിക്കലില്‍ പത്തിലെത്തി. പെട്ടല്ലോയെന്ന് അപ്പോഴാണ് ഡ്രൈവര്‍ക്ക് മനസിലായത്.
താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞു. ബ്രെത്തലൈസറിനെ എങ്ങനെ അവിശ്വസിക്കുമെന്നായി അധികൃതര്‍. ഒടുവില്‍ സാമ്പിള്‍ പരിശോധന നടത്താമെന്നായി തീരുമാനം.
ഊതിക്കാന്‍ നിയോഗിച്ച ആള്‍തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം. അയാള്‍ ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഒന്ന് ഊതി നോക്കി. ബ്രെത്തലൈസറില്‍ അദ്ദേഹവും മദ്യപിച്ചെന്നാണ് തെളിഞ്ഞത്. അങ്ങനെ ചക്കച്ചുള കഴിച്ച് പലരും പരിശോധന നടത്തിയപ്പോഴാണ് മദ്യമല്ല, ചതിച്ചത് ചക്ക തന്നെയാണെന്ന് മനസിലായത്.