Zygo-Ad

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ മകൻ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പി കുന്ദാപുരയില്‍ വെച്ച്‌


കാസർഗോഡ്: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ അറസ്റ്റില്‍. മഞ്ചേശ്വരം വോർക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60)യെ കൊലപ്പെടുത്തിയ കേസില്‍ മകൻ മെല്‍വിൻ മൊണ്ടേറ ആണ് പിടിയിലായത്.

അമ്മയെ തീകൊളുത്തിയ ശേഷം ഇയാള്‍ അയല്‍വാസിയായ സ്ത്രീയേയും വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി തീകൊളുത്താൻ ശ്രമിച്ചിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഉഡുപ്പി കുന്ദാപുരയില്‍ വെച്ചാണ് പിടികൂടിയത്. 200 കിലോ മീറ്റർ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിൻ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. 

വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിൻ തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവർ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ