Zygo-Ad

'ഏകവഴി ഇരുമ്പു പൈപ്പിട്ട് പൂട്ടിയ വീട്ടില്‍ കുടുങ്ങി'- വയോധിക; അയല്‍വാസി മനപ്പൂര്‍വം ദ്രോഹിക്കുന്നതായി പരാതി


ചിറ്റാരിപ്പറമ്പ് (കണ്ണൂർ): നാടിന്റെ കാവലാളർക്ക് പ്രവർത്തനയിടം ഒരുക്കിയ വീട്ടമ്മ ജീവിത സായാഹ്നത്തില്‍ വഴി നടന്നു പോകാൻ ഇടം കിട്ടാതെ വലയുന്നു.

കണ്ണവത്ത് 23 വർഷം പോലീസ് സ്റ്റേഷനായി പ്രവർത്തിച്ച കെട്ടിടത്തിന്റെ ഉടമ എൻ.എം. ആസ്യയാണ് (72) ഏകവഴി ഇരുമ്പ് പൈപ്പിട്ട് പൂട്ടിയതോടെ വീട്ടില്‍ 'കുടുങ്ങിയത്'. 

രണ്ട് മാസം മുൻപാണ് കണ്ണവം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഇതോടെ ആസ്യ കണ്ണവത്തെ വീട്ടില്‍ താമസം തുടങ്ങുകയായിരുന്നു. ഭർത്താവ് മരിക്കുകയും മക്കള്‍ വിദേശത്തായതിനാലും ആസ്യ വീട്ടില്‍ തനിച്ചായിരുന്നു. 

താൻ വീട്ടില്‍ താമസമായതോടെ റോഡരികിലെ കിണറില്‍ നിന്ന് വീട്ടിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് മുറിച്ചു മാറ്റുകയും വീട്ടിലേക്കുള്ള പ്രവേശന വഴി ഇരുമ്പ് പൈപ്പിട്ട് പൂട്ടി തടസ്സപ്പെടുത്തിയെന്നും ആസ്യ പറയുന്നു. തൊട്ടു ചേർന്നു കിടക്കുന്ന സ്ഥലം വിലയ്ക്ക് വാങ്ങിയ ആളാണ് ഇരുമ്പു വേലി കെട്ടിയതെന്നാണ് പരാതി. 

സ്ഥല വില്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കാരണം ചിലർ ബോധപൂർവം തന്നെ ദ്രോഹിക്കുകയാണെന്നും ആസ്യ പറയുന്നു.

കൂലി കൊടുത്ത് അയല്‍ വീട്ടില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എത്തിച്ചാണ് പ്രാഥമികാവശ്യങ്ങളുള്‍പ്പെടെ നടത്തുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലിട്ട ഷീറ്റ് മുഴുവൻ അഴിച്ചു മാറ്റിയതിനാല്‍ വീടിനകം മുഴുവൻ മഴവെള്ളംകൊണ്ട് നിറയുകയാണ്. 

സ്റ്റേഷന്റെ ആവശ്യത്തിന് കെട്ടിടത്തില്‍ ഉപയോഗിച്ചിരുന്ന ക്യാമറകള്‍, ഇലക്‌ട്രോണിക്സ് സാധനങ്ങള്‍, കേബിള്‍ എന്നിവ പൂർണമായും വീട്ടില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടില്ല. വൈദ്യുത വയറുകള്‍ തൂങ്ങിക്കിടക്കുന്നതിനാല്‍ ഇടിമിന്നലില്‍ ഷോക്കേല്‍ക്കുന്ന സ്ഥിതിയാണ്.

മുൻവശത്തേതുള്‍പ്പെടെ അഞ്ച് മുറികളുടെ വാതില്‍ മോഷണം പോയതിനാല്‍ വീട് ഇപ്പോള്‍ തുറന്നിട്ട നിലയിലാണ്. 

ഇരുമ്പു പൈപ്പില്‍ സ്ഥാപിച്ചിരുന്ന പൂട്ട് പോലീസെത്തി തുറന്നു തന്നതിനാലാണ് കഴിഞ്ഞ ദിവസം ചികത്സയ്ക്കായി തനിക്ക് പുറത്തേക്ക് പോകാനായത്. 

തന്നെ ദ്രോഹിക്കുന്ന സംഘം വീട്ടു ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നുണ്ടെന്നും ആസ്യ പരാതിപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യം ലഭിക്കാനായി കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ആസ്യ.

വളരെ പുതിയ വളരെ പഴയ