മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ 40 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവതികള്‍ക്ക് പ്രതിഫലമായി ലഭിച്ചത് 80,000 രൂപ വീതമെന്ന് അന്വേഷണ സംഘം.
ലഹരിക്കടത്തിനായി യുവതികളെ ഏകോപിപ്പിച്ചത് പിടിയിലായ ചെന്നൈയില്‍ നിന്നുള്ള റാബിയത്ത് സൈദുവാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് മലയാളി അടക്കം മൂന്ന് സ്ത്രീകളെ കരിപ്പൂർ വിമാനത്താവളത്തില്‍ വെച്ച് കോടികളുടെ കഞ്ചാവുമായി എയർ കസ്റ്റംസ് പിടികൂടുന്നത്.
ചെന്നൈ സ്വദേശി റാബിയത് സൈദു , കോയമ്പത്തൂർ സ്വദേശി കവിത രാജേഷ്‌കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
തൃശ്ശൂരില്‍ നിന്നുള്ള സിമി ബാലകൃഷ്ണൻ ഈ മാസം അഞ്ചിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത്. ഇവരെയടക്കം ഏകോപിപ്പിച്ച് കഞ്ചാവ് കടത്തിന് കൊണ്ടു പോയത് റാബിയത്ത് ആണെന്നാണ് വിവരം.
യുവതികള്‍ ലഹരിയുമായി കരിപ്പൂർ വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബർ മയക്കുമരുന്ന് സംഘം ഇവർക്ക് കൈമാറിയിരുന്നു.
ലഹരിക്കടത്ത് സംഘത്തില്‍ യുവതികള്‍ക്ക് ബന്ധമുള്ള ചില ഫോണ്‍ നമ്പറുകളും ചോദ്യം ചെയ്യലില്‍ കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ചു
കഴിഞ്ഞ ദിവസം രാത്രി ക്വാലാലമ്പൂരില്‍ നിന്നെത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ മൂന്ന് സ്ത്രീകളില്‍ നിന്നാണ് എക്സൈസ് ഹൈബ്രിഡ് കണ്ടെത്തിയത്.
34 കിലോ വരുന്ന ഹൈബ്രിഡ് കഞ്ചാവ് ശേഖരം ബാങ്കോക്കില്‍ നിന്നെത്തിച്ചതെന്നാണ് വിവരം.
ഇതിന് 34 കോടിയോളം രൂപ വിലവരും. ഇതിന് പുറമേ ഒരു കോടി രൂപയോളം വില വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയില്‍ കലർത്തിയ രാസ ലഹരിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതും തായ്‌ലൻഡ് നിർമ്മിതമാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തില്‍ തുടർച്ചയായി രണ്ടാം ദിവസമാണ് ഹൈബ്രിഡ് കഞ്ചാവ് വേട്ട നടന്നത്. തിങ്കളാഴ്ച്ച അബുദാബിയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവെത്തിച്ച യുവാവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ കണ്ണൂർ സ്വദേശികളായ രണ്ട് പേർ നിലവില്‍ റിമാൻഡിലാണ്.
രണ്ടു ദിവസം കൊണ്ട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 52 കിലോ ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എയർ കസ്റ്റംസ് വ്യക്തമാക്കി.