കണ്ണൂർ :കോയമ്പത്തൂർ -മംഗളൂരു എക്സ്‌പ്രസില്‍ യാത്രക്കാരെ ഭയചകിതരാക്കി അക്രമിയുടെ ഭീഷണി. ട്രെയിനിനുള്ളില്‍ പെട്രോളൊഴിച്ച് തീയിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
കൊട്ടാരക്കര കൊടവത്തൂർ സ്വദേശി ജയപ്രകാശ് വർമ (49) എന്നയാളാണ് ട്രെയിനിനകത്ത് ഭീഷണി മുഴക്കി യാത്രക്കാരെ ഭയപ്പെടുത്തിയത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പി ഉയർത്തിക്കാട്ടി പെട്രോളാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പരിഭ്രാന്തി പരത്തിയത്.
കോയമ്പത്തൂർ -മംഗളൂരു എക്സ്‌പ്രസില്‍ തിങ്കളാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. ട്രെയിനിലുണ്ടായിരുന്ന മറ്റു യാത്രക്കാർ അക്രമാസക്തനായ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
യാത്രക്കാർ ഇയാളെ കീഴ്പ്പെടുത്തുകയും പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസും റെയില്‍വേ സംരക്ഷണ സേനയും (ആർപിഎഫ്) സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത ഇയാള്‍ അക്രമാസക്തനാണെന്നും ഇയാളുടെ പേര് ജയപ്രകാശ് വർമ എന്നാണ് യാത്രക്കാർ പറഞ്ഞതെന്നും ആർപിഎഫ് അധികൃതർ അറിയിച്ചു. ലഹരിക്കടിമയാണോ എന്നുള്ള മറ്റു വിവരങ്ങള്‍ വൈദ്യ പരിശോധനക്കുശേഷമേ പറയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.