കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. ഇന്നലെ പൊലീസിന് ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയിട്ടുളളത്.
പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇതിനു പിന്നാലെ പുത്തൻകുരിശ് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കുട്ടിയുടെ പിതൃ സഹോദരനുമുണ്ടായിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനു ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
എസ്‌പി അടക്കമുളളവരാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ പിതൃ സഹോദരൻ പൊട്ടിക്കരഞ്ഞെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി, പോക്സോ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നാലര വയസുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്.
മൂഴിക്കുളം പാലത്തിന് നടുവിലെ തൂണില്‍ കുരുങ്ങി നിന്ന മരക്കൊമ്പുകള്‍ക്കിടയില്‍ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു.
തറവാട്ടുവീട്ടില്‍ പൊതു ദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതു ശ്മശാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.