Zygo-Ad

പോലീസ് സ്റ്റേഷനില്‍ ഹാജരായില്ല; നവജാത ശിശുവുമായി അമ്മ ഒളിവില്‍


കൊച്ചി: തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ കോയമ്പത്തൂർ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ പോലീസ് കേസെടുത്തതിനെതുടർന്ന്, തിരികെ വാങ്ങിയ കുഞ്ഞുമായി അമ്മ ഒളിവില്‍.

കുട്ടിയുടെ മാതാവായ ചോറ്റാനിക്കര സ്വദേശിനിക്കെതിരെ കേസെടുത്ത തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കുഞ്ഞിനെ കഴിഞ്ഞ ഏപ്രില്‍ 28 ന് ഹാജരാക്കാൻ നിര്‍ദേശിച്ചിരുന്നു.

ഇതു പ്രകാരം കോയമ്പത്തൂർ സ്വദേശികളില്‍ നിന്ന് യുവതി കുഞ്ഞിനെ തിരികെ വാങ്ങിയെങ്കിലും സ്റ്റേഷനില്‍ ഹാജരാക്കിയില്ല. യുവതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

ഏപ്രില്‍ 15നാണ് തിരുവാണിയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പ്രസവിച്ചത്. 19 ന് യുവതി പ്രസവിച്ച ആണ്‍കുട്ടിയെ കോയമ്പത്തൂര്‍ സ്വദേശികള്‍ക്ക് കൈമാറി. 

വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയുമായ യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി നാടുവിട്ടത്.

തുടര്‍ന്ന് ഇവര്‍ അയാളില്‍ നിന്ന് ഗര്‍ഭിണിയായി. എന്നാല്‍ അയാള്‍ക്ക് മറ്റു പല ബന്ധങ്ങളുമുണ്ടെന്ന് അറിഞ്ഞ് അയാളുമായി പിരിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കി. 

പ്രസവ ശേഷം യുവതിയുടെ അമ്മയുടെ ബന്ധുവായ സ്ത്രീ ജോലി ചെയ്യുന്ന കോയമ്പത്തൂരിലെ ക്ലിനിക്കിലുള്ള ധനരാജ് എന്ന ആള്‍ക്കാണ് നവജാതശിശുവിനെ കൈമാറിയതെന്നാണ് പോലീസ് പറയുന്നത്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം എട്ടു മാസം പിന്നിട്ടപ്പോള്‍ അറിഞ്ഞ സമീപത്തെ അംഗൻവാടി ടീച്ചര്‍, തുടര്‍ന്ന് അംഗന്‍വാടി വഴി നല്‍കുന്ന പോഷകാഹാരങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. 

എന്നാല്‍ പ്രസവ ശേഷം ഇവരുടെ കൈയില്‍ കുഞ്ഞിനെ കാണാതായതോടെ അന്വേഷിച്ചപ്പോള്‍ കുഞ്ഞിനെ അച്ഛനെ ഏല്‍പ്പിച്ചതായി പറഞ്ഞു. അംഗന്‍വാടി ടീച്ചര്‍ പ്രദേശത്തെ ആശാ വര്‍ക്കറെ വിവരം അറിയിച്ചു.

അവരാണ് ചോറ്റാനിക്കര പോലീസില്‍ അറിയിച്ചത്. ചോറ്റാനിക്കര പോലീസ് യുവതിയെ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കിയെങ്കിലും കേസ് എടുത്തിരുന്നില്ല. 

എത്രയും പെട്ടെന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ച്‌ പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പോലീസ് കേസെടുക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ