തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്‌ചതന്നെ കേരളത്തിൽ എത്തിയേക്കും. അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വിദഗ്‌ധർ. ഭൗമനിരപ്പിൽനിന്ന് 12–-17 കിലോമീറ്ററിനിടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ കിഴക്കൻ കാറ്റ് വീശിത്തുടങ്ങി. 5–-6 കിലോമീറ്ററിനിടയിൽ പടിഞ്ഞാറൻകാറ്റും ശക്‌തമായി. ദക്ഷിണാർധഗോളത്തിൽനിന്നുള്ള കാറ്റ് ഭൂമധ്യരേഖ കടന്ന് എത്തുന്നതോടെ കാലവർഷം കേരളതീരം തൊടും. ബംഗാൾ ഉൾക്കടലിൽനിന്നുള്ള കാലവർഷക്കാറ്റ് ശ്രീലങ്ക കടന്ന് മാലദ്വീപ് വരെ എത്തി.
കാലവർഷം പ്രവചിച്ചതിലും നേരത്തെ കേരളത്തിലെത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. 27ന് എത്തുമെന്നായിരുന്നു മുൻപ്രവചനം. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കർണാടക തീരത്തിനടുത്ത് മധ്യകിഴക്കൻ അറബിക്കടലിൽ ബുധനാഴ്‌ചയോടെ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പട്ടേക്കും. ഇത് ശക്തിപ്രാപിച്ച് ന്യൂനമർദമാകും. പിന്നീട് തീവ്ര ന്യൂനമർദമായിമാറി വടക്കുദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ട്. ഇതുമൂലം വടക്കൻ കേരളം, കൊങ്കൺ, ഗോവ മേഖലയിൽ അതിശക്തമായ മഴ ലഭിക്കും.
21, 23, 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലടക്കം ജാഗ്രതവേണം. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്‌ച കൂടുതൽ മഴ രേഖപ്പെടുത്തിയത് കുന്നംകുളത്താണ്, 22.10 സെന്റീമീറ്റർ. കണ്ണൂർ വിമാനത്താവളത്തിൽ 17.3, തലശേരിയിൽ 16, കൊയിലാണ്ടിയിൽ 11, കോഴിക്കോട് എട്ട്, അമ്പലവയലിൽ ഒമ്പത്, പൊന്നാനിയിൽ 12, തൃത്താലയിൽ 10, മാവേലിക്കരയിൽ ആറ്, പീരുമേട്ടിൽ 9.7, കോന്നിയിൽ 8.2, ആര്യങ്കാവിൽ 7.5, തിരുവനന്തപുരത്ത് 1.9 സെന്റീമീറ്റർ മഴ ലഭിച്ചു.