ഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയത്തിന് 65 -ാം ജന്മദിനം. 2025 മോഹൻലാലിനെ സംബന്ധിച്ച മികച്ചൊരു വർഷം കൂടിയായിരുന്നു. ലോകസിനിമ പ്രേക്ഷകർക്ക് മുന്നിൽ 2025-ൽ രണ്ടു വമ്പൻ ഹിറ്റുകളുമായിട്ടാണ് മോഹൻലാൽ സിനിമകൾ തിയറ്ററുകളിൽ എത്തിയത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾ മോഹൻലാലിൻറെ ഇൻഡസ്ട്രി ഹിറ്റുകളായി മാറി. എന്നാൽ ഇതിനു പിന്നാലെ മറ്റൊരു റെക്കോർഡ് കൂടി മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ തേടിയെത്തി. ഇന്ത്യയിലെ അഞ്ച് 200 കോടി സിനിമകളിൽ രണ്ടെണ്ണവും മോഹൻലാൽ എന്ന നടന്റെ പേരിലാണ്. നിലവിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് മോഹൻലാൽ സിനിമകൾ നിലയുറപ്പിച്ചിരിക്കുന്നത്.
2025 ആദ്യ മൂന്ന് മാസം മലയാള സിനിമയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് മോഹൻലാൽ എന്ന നടന്റെ റീ- എൻട്രിയാണ് സിനിമ ആരാധകർ കണ്ടത്. അദ്ദേഹം സടകുടഞ്ഞെഴുന്നേറ്റു എന്ന് പറഞ്ഞാലും തെറ്റു പറയാനാകില്ല. പരാജയ ചിത്രങ്ങളുടെ പേരിൽ ഇതിനിടെ അത്രയേറെ വിമർശനങ്ങളാണ് താരം ഫാൻസിൽ നിന്നും സിനിമ പ്രേമികൾക്കിടയിൽ നിന്നുമൊക്കെ ഏറ്റുവാങ്ങിയത്. വന്നത്.
മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ബ്ലോക്ക്ബസ്റ്റർ വർഷമാണ് കടന്നുപോകുന്നത്, സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറി. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാന്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ബോക്സോഫിസിൽ വമ്പൻ വിജയമാണ് കൊയ്തത്. 200 കോടി കടന്ന അഞ്ച് ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് 'തുടരും'. മിന്നുന്ന പ്രകടനമാണ് തുടരും എന്ന സിനിമയിൽ മോഹൻലാൽ കാഴ്ചവെച്ചത്. ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഈ സിനിമകളെല്ലാം മോഹൻലാലിനെ ദക്ഷിണേന്ത്യൻ സിനിമകളിലെ അമരത്ത് നിലനിർത്തുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.