Zygo-Ad

വൈദ്യുതി ബോര്‍ഡ് നല്‍കുന്ന ബില്ലുകളിലെ അത്യാവശ്യ വിവരങ്ങള്‍ മായാതെ നോക്കണം; നിര്‍ദേശം നല്‍കിയത് മനുഷ്യാവകാശ കമ്മീഷൻ

 


വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തുന്ന ബില്‍ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത. 

ഇലക്‌ട്രിസിറ്റി ബോർഡ് കമ്ബ്യൂട്ടർ വഴി പ്രിന്റ് ചെയ്ത് നല്‍കുന്ന ബില്ലിലെ അക്ഷരങ്ങള്‍ വളരെ വേഗം മാഞ്ഞു പോകുന്നതായി ആരോപിച്ച്‌ പെരുമണ്‍ സ്വദേശി ഡി. ദേബാർ എന്നയാള്‍ സമർപ്പിച്ച പരാതിയിലാണ് നടപടി. കെഎസ്‌ഇബി ഓഫീസിലെ കൗണ്ടറുകളില്‍ നേരിട്ട് പണം അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം 75 ശതമാനം വൈദ്യുതി ഉപഭോക്താക്കളും പണമടയ്ക്കാൻ ഓണ്‍ലൈൻ സേവനങ്ങളാണ് ആശ്രയിക്കുന്നതെന്ന് ഇലക്‌ട്രിസിറ്റി ബോർഡ് സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേന്ദ്ര സർക്കാർ നല്‍കുന്ന റാങ്കിംഗില്‍ ഓണ്‍ലൈൻ പണമിടപാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. 

ഓണ്‍ലൈൻ ഇടപാട് പുനഃപരിശോധിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തില്‍ കമ്മീഷൻ ഇടപെട്ടില്ല.

അതേസമയം കമ്പ്യൂട്ടർ ബില്ലുകള്‍ മാഞ്ഞുപോകുന്നത് സംബന്ധിച്ച പരാതിക്കാരന്റെ ആരോപണം ഗൗരവതരമാണെന്ന് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യം വൈദ്യുതി ബോർഡ് ഗൗരവമായെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇലക്‌ട്രിസിറ്റി ബോർഡ് സെക്രട്ടറിക്കാണ് മനുഷ്യാവകാശ കമ്മീഷൻ കമ്മീഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കിയത്.

വളരെ പുതിയ വളരെ പഴയ