Zygo-Ad

വിദ്യാര്‍ഥികള്‍ ചമഞ്ഞ് ഇന്ത്യയിലെത്തും, രാസലഹരി വിറ്റ് മാസങ്ങള്‍കൊണ്ട് ഉണ്ടാക്കിയത് 100 കോടിയിലേറെ


രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ രാസലഹരി എത്തിച്ചവകയില്‍ കൈമാറപ്പെടുന്ന പണത്തിന്റെ വലിയൊരുശതമാനം എത്തിച്ചേരുന്നത് ഡല്‍ഹി നോയിഡ കേന്ദ്രീകരിച്ചുള്ള നൈജീരിയൻ സംഘത്തിന്റെ കൈകളിലാണെന്ന് പോലീസ്.മാസങ്ങളായി ഒരു കേസന്വേഷണത്തിന്റെ അടിവേരിലേക്കിറങ്ങിയ കുന്ദമംഗലം പോലീസാണ് വാടക അക്കൗണ്ടുകള്‍ (മ്യൂള്‍ അക്കൗണ്ടുകള്‍) വഴി രാസലഹരിയുടെ ലാഭം കൈമാറ്റപ്പെടുന്നത് കണ്ടെത്തിയത്. ഈയിനത്തില്‍ കഴിഞ്ഞ ഏതാനുംമാസങ്ങള്‍ക്കിടെ നൂറുകോടിയിലേറെ രൂപ കൈമാറിയെന്നും ഇത് അവിടെ നൈജീരിയൻ സംഘം പിൻവലിച്ചെന്നും കണ്ടെത്തി.


ഡല്‍ഹി, ഉത്തർപ്രദേശ് ഭാഗങ്ങളിലെ നിഷ്കളങ്കരായ കർഷകരുടെയും സ്ത്രീകളുടെയും രേഖകളുപയോഗിച്ച്‌ നിർമിച്ച അക്കൗണ്ടുകള്‍ ഈ സംഘമാണ് ഉപയോഗിക്കുന്നത്. അതിലേക്ക് പണംവരുത്തി നോയിഡയിലെ വിവിധ എടിഎം കൗണ്ടറുകള്‍വഴി പിൻവലിക്കുകയാണ് ചെയ്യുന്നത്. ഈ എടിഎം കൗണ്ടറുകളില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളുടെ വ്യക്തമായചിത്രം പോലീസിനുലഭിച്ചത്. ബാങ്കിടപാടുകള്‍ നടത്തിയ മൊബൈലുകളുടെയും കംപ്യൂട്ടറുകളുടെയും ഐപി വിലാസവും തെളിവായി ലഭിച്ചിട്ടുണ്ട്.


താമസിക്കുന്നത് ആഡംബര സൗകര്യങ്ങളോടെ


വിദ്യാർഥികള്‍ചമഞ്ഞ് ഇന്ത്യയിലെത്തി രാസലഹരിവ്യാപാരം നടത്തുന്ന ഈ നൈജീരിയൻസംഘം താമസിക്കുന്നത് അത്യാഡംബര സൗകര്യങ്ങളോടെയാണെന്ന് അന്വേഷണസംഘം നേരില്‍ക്കണ്ടറിഞ്ഞു. ഒന്നരലക്ഷത്തിലേറെ മാസവാടകയുള്ള ബംഗ്ളാവുപോലത്തെ വീട്ടിലാണ് താമസം. സഞ്ചരിക്കാൻ പുതിയതായി വാങ്ങിയ അത്യാഡംബര കാറുകള്‍. വീട്ടില്‍ ഇപ്പോള്‍ പിടിയിലായ ഫ്രാൻങ്ക് ചിക്കൻസി കച്ചുകായ്ക്കുപുറമേ ഏഴുപേർകൂടെയുണ്ട്. അതില്‍ സ്ത്രീകളുമുണ്ട്. വാടക അക്കൗണ്ടുവഴി പണംസ്വീകരിക്കുന്ന നൈജീരിയൻ സംഘത്തിന്റെ സുപ്രധാനികളായ രണ്ടുപേരും ഇതേവീട്ടിലുണ്ട്.


നോയിഡയിലെ അതിസമ്ബന്നർ താമസിക്കുന്ന തെരുവിലാണ് ഇവരുടെ വീട്. കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാസലഹരിയെത്തിക്കുന്നതും വിതരണംചെയ്യുന്നതും പ്രാദേശികമായുള്ള സംഘങ്ങളാണെങ്കിലും പണംസ്വീകരിക്കുന്നത് വാടക അക്കൗണ്ടിലേക്കാണ്. ഇങ്ങനെ പണംവന്ന ഉടനെ അത് മറ്റുപല അക്കൗണ്ടുകളിലേക്ക് നൈജീരിയൻ സംഘം ഓണ്‍ലൈൻവഴി മാറ്റും. ഇതിനായി ഒട്ടേറെ മൊബൈല്‍ഫോണുകളും സിംകാർഡുകളും ഇവർ ഉപയോഗിക്കുന്നുണ്ട്. പണം പിൻവലിക്കാനും ഒട്ടേറെ എടിഎം കാർഡുകളും ഇവർ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 35 മ്യൂള്‍ അക്കൗണ്ടും 45 സിം കാർഡും നാല് മൊബൈല്‍ ഫോണും മൂന്ന് എടിഎം കാർഡും കണ്ടെത്തി.

വളരെ പുതിയ വളരെ പഴയ