Zygo-Ad

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി

 


തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെ ബോംബ് ഭീഷണി.

ഇതേ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്. ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് പുറത്തു വരുന്നവിവരം.മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്താനിരിക്കെ തുടർച്ചയായുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണി കേരള പൊലീസിന് തലവേദനയാകുന്നു. വിഴിഞ്ഞം പോർട്ട് രാജ്യത്തിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പോലീസിന് വ്യാജ സന്ദേശങ്ങൾ വരുന്ന ഇ മെയിൽ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാത്തത് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസിന് അതൃപ്തിയുണ്ട്.

ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് സൈബർ പൊലീസിന്റെ വീഴ്ചയായാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലും ഇത്തരത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വന്നതോടെ പൊലീസ് വിഷയം ഗൗരവത്തിലെടുത്തിരുന്നു. ഇതിന്റെ പ്രഭവ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു.

അടിക്കടിയുണ്ടാകുന്ന ബോംബ് ഭീഷണികൾ ടെസ്റ്റ് ഡോസാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ബോംബ് ഭീഷണി.

വളരെ പുതിയ വളരെ പഴയ