Zygo-Ad

കര്‍ണാടക ബല്‍ഗാം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തലശേരി സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്.

 


കർണാടക ബല്‍ഗാം മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തലശേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.

ബല്‍ഗാം ബി ഐ.എം.എസ്. മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥിക്കായി തെരച്ചില്‍ നടത്തിവരികയാണ് പൊലിസ്. കുടക് സോമവാർ പേട്ടയില്‍ ബേയ്ക്കറി ഉടമയായ വടകര വില്യാപ്പള്ളിയിലെ വി.കെ.ശശിയുടെയും തലശ്ശേരി ചൊക്ലിയിലെ ചിത്രാ നിവാസില്‍ ഷജി പാലക്കണ്ടിയുടെയും മകൻ അലൻ കൃഷ്ണ (19) യെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.കഴിഞ്ഞ വിഷു അവധിക്ക് നാട്ടില്‍ വന്ന അലൻ ഏപ്രില്‍21 ന് തിരിച്ചു പോയിരുന്നു. ഇതില്‍ പിന്നീട് 23 വരെ വീട്ടില്‍ നിന്നും വിളിച്ചപ്പോഴെല്ലാം പ്രതികരിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 24 മുതല്‍ അലന്റെ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. 24 ന് രാവിലെ കോളേജ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി അലൻ ഓട്ടോയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോവുന്നതും റെയില്‍വെ സ്റ്റേഷനിലെ ഇൻഫർമേഷൻ കൌണ്ടറിലെത്തി എന്തോ അന്വേഷിക്കുന്നതും സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.എന്നാല്‍ അവിടെ നിന്നും ഏതെങ്കിലും ട്രെയിനുകളില്‍ കയറി പോയതായി ദൃശ്യങ്ങളില്ല. നാട്ടില്‍ നിന്നും വീട്ടുകാർ കോളേജിലും ഹോസ്റ്റലിലും പോയി അന്വേഷിച്ചിരുന്നു. ഇതിനെ കുറിച്ച്‌പ്രത്യേകിച്ച്‌ വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. ഗോവയില്‍ പോവണമെന്ന് കൂട്ടുകാരോട് പറഞ്ഞതായി സൂചനയുണ്ട്.

ഹോസ്റ്റല്‍ മുറിയില്‍ അലൻ ഉപയോഗിക്കുന്ന അലമാരയില്‍ വസ്ത്രങ്ങളുടെ അടിയില്‍ സൂക്ഷിച്ച നിലയില്‍ ഫോണും എ.ടി.എം. കാർഡും. ആധാർ കാർഡും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചു വടകര പൊലിസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് അലന്റെ മാതൃ സഹോദരിമാരായ ഷൈനയും ഷിജിയും അറിയിച്ചു.

വളരെ പുതിയ വളരെ പഴയ