Zygo-Ad

തൃശൂര്‍ പൂരത്തിനിടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയത് 1015 പേര്‍


തൃശൂർ: പൂരാഘോഷത്തിനിടെ കുഴഞ്ഞു വീണും പരിക്കേറ്റും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് 1015 പേർ. ഇതില്‍ 131 പേരെ കിടത്തി ചികിത്സയ്ക്കു വിധേ‍യമാക്കി.

വിദഗ്ധ ചികിത്സയ്ക്കായി 23 പേരെ മെഡിക്കല്‍ കോളജിലേക്കു റഫർ ചെയ്തു.

സ്വരാജ് റൗണ്ട്, ശ്രീമൂലസ്ഥാനം, തെക്കേഗോപുരനട, ഇലത്തിത്തറ തുടങ്ങിയ പത്തു കേന്ദ്രങ്ങളില്‍ ആംബുലൻസ് സഹിതമുള്ള മെഡിക്കല്‍ ടീം അഞ്ഞൂറോളം പേർക്കു ചികിത്സ നല്‍കി. 

പൂരത്തിനിടെ ആന ഓടിയതിനെത്തുടർന്നുള്ള തിരക്കില്‍പ്പെട്ടു പരിക്കേറ്റ 65 പേർക്കു ചികിത്സ നല്‍കി. ആറുപേരെ മെഡിക്കല്‍ കോളജിലേക്കു റഫർ ചെയ്തു.

പൂരം കണ്‍ട്രോള്‍ റൂമിനോടു ചേർന്നുള്ള മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ നിർജലീകരണം കാരണവും തിരക്കില്‍പ്പെട്ടു ദേഹാസ്വാസ്ഥ്യവും ചെറിയ മുറിവുകളും ചതവുകളുമായെത്തിയ 189 പേർക്കു ചികിത്സ നല്‍കി. 39 പേരെ കിടത്തി ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്കു റഫർ ചെയ്തു.

അമല മെഡിക്കല്‍ കോളജ്, ജൂബിലി മിഷൻ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സംഘം പൂരം ചമയ പ്രദർശന ഹാളില്‍ ചികിത്സ നല്‍കി. 

തെക്കോട്ടിറക്കം നടക്കുമ്പോള്‍ സണ്‍ ഹോസ്പിറ്റല്‍, ആത്രേയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ആംബുലൻസ് സഹിതമുള്ള മെഡിക്കല്‍ ടീമുകളെ തെക്കേ ഗോപുര നടയില്‍ ഒരുക്കിയിരുന്നു.

സുരക്ഷിതമായ പൂരത്തിനായി കൈകോർത്ത് ഫയർഫോഴ്സും

തൃശൂർ: സുരക്ഷിതമായ പൂരം നടത്തിപ്പിനായി കൈകോർത്ത ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആശുപത്രിയില്‍ എത്തിച്ചത് 234 പേരെ.

കുടമാറ്റ സമയത്തുണ്ടായ തിരക്കില്‍പ്പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 163 പേരെയും പുലർച്ചെ ആന വിരണ്ടോടിയതിനെ തുടർന്നുള്ള തിരക്കില്‍പ്പെട്ടു പരിക്കേറ്റ 13 പേരെയും പകല്‍പ്പൂരം വെടിക്കെട്ടിനിടെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് 58 പേരെയുമാണു സേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കുടമാറ്റ സമയത്തു തെക്കേ ഗോപുരനടയെ പത്തു സോണുകളാക്കി തരം തരിച്ച്‌ ഏഴു പേരടങ്ങുന്ന ടീമിനെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

സിഎംഎസ് സ്കൂളില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവർത്തിച്ചിരുന്നു. മഠത്തില്‍ വരവ് സുരക്ഷിതമാക്കാനും സേനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്‍ അപകടാവസ്ഥയിലുള്ള ഒരു മര ശിഖിരവും ഫയർഫോഴ്സ് വെട്ടി മാറ്റി സുരക്ഷ ഒരുക്കി.

വളരെ പുതിയ വളരെ പഴയ