കൊല്ലം: സ്വർണാഭരണം വാങ്ങുന്നതിന് അഡ്വാൻസ് ബുക്കിംഗ് നടത്തിയവരില്‍ നിന്നും 100 കോടിയിലേറെ രൂപ സമാഹരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണം.
അല്‍-മുക്താദിർ ഇൻവെസ്റ്റേഴ്‌സ് ഗ്രൂപ്പും ഉടമ മുഹമ്മദ് മൻസൂർ അബ്‌ദുല്‍ സലാമും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കബളിപ്പിക്കലിന് ഇരയായവർ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ കൊല്ലം ബീച്ച് റോഡ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ശാഖകളില്‍ 500 ലേറെ പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്.
അല്‍-മുക്താദിർ ഗ്രൂപ്പ് ഉടമയക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്‌റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 2000-ല്‍ അധികം ആള്‍ക്കാരില്‍ നിന്നും 100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. മുഹമ്മദ് മൻസൂർ അബ്‌ദുല്‍ സലാം ഒളിവിലാണ്. ഇയാള്‍ക്ക് വിദേശത്ത് തങ്ങുന്നതിനുള്ള അവസരം ഉണ്ടാകരുത്. പ്രത്യേക സംഘത്തെ നിയോഗിച്ച് മൻസൂറിനെ അവിടെ നിന്നും അറസ്‌റ്റു ചെയ്യണം.
അഞ്ച് മാസമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവർത്തനരഹിതമാണ്. മത- ആത്മീയ നേതാക്കള്‍, മത പ്രഭാഷകർ, ഏജന്‍റുമാർ തുടങ്ങിയവർ വീടുകളിലെത്തി പ്രചാരണം നടത്തിയപ്പോള്‍ തങ്ങള്‍ അല്‍-മുക്താദിർ ഇൻവെസ്റ്റേഴ്‌സ് ഗ്രൂപ്പിന്‍റെയും ഉടമയുടെയും വാഗ്‌ദാനത്തില്‍ വീണു പോകുകയായിരുന്നു.
ഏജന്‍റുമാർക്ക് 10 മുതല്‍ 20ശതമാനം വരെ കമ്മീഷനാണ് ലഭിച്ചിരുന്നത്. കോടികള്‍ തട്ടിയെടുത്തയാളെ നിയമത്തിന്‍റെ മുന്നിലെത്തിച്ച് നിസഹായരും നിരാലംബരുമായവരുടെ പണം അല്ലെങ്കില്‍ സ്വർണം തിരികെ ലഭിക്കാൻ നടപടി വേണം.
പോലീസില്‍ പരാതിപ്പെട്ടതിന് അജ്ഞാത വാട്‌സ്‌ആപ്പ് നമ്പരുകളില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്നു. പണവും സ്വർണവും തിരികെ ലഭിക്കാത്തതിനാല്‍ ചികില്‍സ നടത്താൻ കഴിയാത്തവരും വിവാഹം മുടങ്ങിയവരുമുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.