Zygo-Ad

വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് പോലീസില്‍ സ്ഥാനക്കയറ്റം


തിരുവനന്തപുരം : വിരമിക്കാൻ ഒരു ദിവസം ബാക്കി നില്‍ക്കേ ഐഎം വിജയന് സ്ഥാനക്കയറ്റം നല്‍കി സർക്കാർ ഉത്തരവിറക്കി. 

നിലവിൽ മലപ്പുറത്ത് എംഎസ് പിയില്‍ അസി.കമാണ്ടൻ്റായ വിജയനെ ഇപ്പോൾ ഡെപ്യൂട്ടി കമാണ്ടൻ്റാക്കിയാണ് സ്ഥാനക്കയറ്റ ഉത്തരവിറക്കിയത്.

ഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനക്കയറ്റം. 

സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. സ്ഥാനകയറ്റം ആവശ്യപ്പെട്ട് വിജയൻ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.

 ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ദിനത്തിലാണ് പൊലീസ് ഐ എം വിജയന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. എംഎസ്പിയില്‍ നിന്ന് വിരമിക്കാനായത് തന്നെ സംബന്ധിച്ച്‌ വലിയൊരു ഭാഗ്യമാണെന്നായിരുന്നു അന്ന് ഐ എം വിജയന്‍ പറഞ്ഞത്.

1987ലാണ് ഐ എം വിജയന്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയെങ്കിലും 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 

1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐ എം വിജയന്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും ചുമതലയേറ്റ വിജയന്‍ 2006ലാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിടവാങ്ങിയത്. 

എഎസ്‌ഐ ആയി തിരികെ പൊലീസില്‍ പ്രവേശിക്കുകയും ചെയ്തു. 2021ല്‍ എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും നല്‍കി ഐ എം വിജയനെ രാജ്യം ആദരിച്ചു.

വളരെ പുതിയ വളരെ പഴയ