സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്‌സ് സമരം ശക്തമാക്കുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. ആശാവര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേരളത്തിന്റെ എയിംസ് ആവശ്യവും കൂടിക്കാഴ്ചയില്‍ കേരളം ഉന്നയിക്കും.മുന്‍പ് രണ്ട് തവണ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാന്‍ വീണാ ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചിരുന്നില്ല.
കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ആശവര്‍ക്കേഴ്‌സ് പ്രതികരിച്ചു. ഇനി വരുന്നത് ഈസ്റ്ററും വിഷുവുമാണ്. ഞങ്ങള്‍ റംസാന് തെരുവില്‍ ഇരിക്കുകയാണ്. ഈ തെരുവില്‍ നിന്ന് മാറ്റണമെങ്കില്‍ ചര്‍ച്ച നടത്തിയേ പറ്റൂ. ഞങ്ങള്‍ക്ക് അനുകൂലമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തണം. ഞങ്ങളുടെ ആവശ്യങ്ങള്‍ കിട്ടത്തക്ക രീതിയില്‍ നല്ല ഒരു ചര്‍ച്ചയാകുമെന്ന് ഉറപ്പുണ്ട് – ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു. തങ്ങളുടെ ഡിമാന്‍ഡ് പൂര്‍ണമായും അംഗീകരിക്കാന്‍ തായാറായിട്ടുള്ള മന്ത്രിയാണെങ്കില്‍ ഈ 51 ദിവസം സമരമിരുത്തില്ലായിരുന്നുവെന്നും അവര്‍ പറയുന്നു.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന രാപ്പകല്‍ സമരം 51 ദിവസം പിന്നിട്ടു. നിരാഹാര സമരം പതിമൂന്നാം ദിവസവും തുടരുകയാണ്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്നലെ സമരവേദിക്ക് മുന്നില്‍ നടത്തിയ മുടി മുറിക്കല്‍ സമരത്തിന് വലിയ പിന്തുണ ആണ് കിട്ടിയത്. സമരത്തെ വിമര്‍ശിച്ചു തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് എത്തിയിരുന്നു. സമരം ചെയ്യേണ്ടത് ഡല്‍ഹിയില്‍ എന്നായിരുന്നു ഫേസ്ബുക് പോസ്റ്റില്‍ ശിവന്‍കുട്ടി പ്രതികരിച്ചത്. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നും ഓണറേറിയാം കൂട്ടണമെന്ന സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ പഞ്ചായത്തുകള്‍ തീരുമാനം എടുത്തിട്ടില്ല.