Zygo-Ad

സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടിന് പ്രതിഷേധ ഹർത്താൽ

 


നിലമ്പൂർ : ആഘോഷ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും ഊട്ടി സന്ദർശനത്തിനുള്ള ഇ-പാസ് നിബന്ധന തമിഴ്നാട് സർക്കാർ കർശനമാക്കി.

നീലഗിരി ജില്ലയുടെ കവാടങ്ങളിലെ ചെക്പോസ്റ്റുകളിൽ ഇ-പാസ് ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ കടത്തിവിടൂ. ഊട്ടി സന്ദർശനത്തിന് ഇ-പാസ് വേണമെന്ന നിയമമുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. കഴിഞ്ഞ പെരുന്നാൾ ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് മൂലം തമിഴ്നാടിന്‍റെ അതിർത്തി ചെക് പോസ്റ്റുകളിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇത്തവണ വേനലവധി ദിനങ്ങളും ആഘോഷങ്ങളും ഒരുമിച്ച് വന്നതോടെ നൂറ് കണക്കിന് വാഹനങ്ങൾ ചുരം കയറും.


തമിഴ്നാട് അതിർത്തികളിൽ സ്ഥാപിച്ച പ്രത‍്യേക ചെക്ക്പോസ്റ്റുകളിൽ ഇ-പാസ് സൗജന‍്യമായി നൽകുന്നുണ്ട്. ആധാർകാർഡിന്‍റെ കോപ്പി കരുതണം. ഒരാൾക്ക് ഇ-പാസ് എടുക്കാൻ ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും സമയമെടുക്കും. ഈ സമയത്ത് റോഡിൽ നിർത്തിയിടുമ്പോഴാണ് ഗതാഗതകുരുക്ക് ഉണ്ടാവുന്നത്. മുൻകൂട്ടി ഇ-പാസ് എടുത്ത് വന്നാൽ കുരുക്ക് ഒഴിവാക്കാനാവും. ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാൻ tnga.org വെബ്സൈറ്റ് തുറന്നിട്ടുണ്ട്. ഇതിലൂടെ ഇ-പാസിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് നൽകും.


പ്രതിഷേധവുമായി വ‍്യാപാരികൾ; ഏപ്രിൽ രണ്ടിന് ഹർത്താൽ


നിലമ്പൂർ: ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയതിൽ പ്രതിഷേധവുമായി നീലഗിരിയിലെ വ‍്യാപാരികൾ. നിയന്ത്രണം ഏർപ്പെടുത്തുന്നത് വ‍്യാപാരമേഖലക്ക് കനത്ത തിരിച്ചടിയാണ്. അതിനാൽ ഇ-പാസ് പിൻവലിക്കണമെന്നാണ് ആവശ‍്യം. ഏപ്രിൽ രണ്ടിന് വ‍്യാപാരികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ