സൈബർ തട്ടിപ്പുകൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനവുമായി സൈബർ പോലീസ്. പൊതുജനങ്ങൾ ബാങ്ക് അക്കൗണ്ട് നമ്പറോ ഇ-മെയിൽ വിലാസമോ നൽകിയാൽ ഈ സംവിധാനംവഴി അതിന്റെ റിസ്ക് എത്രയെന്നുകാട്ടി വിശ്വാസ സ്കോർ (ട്രസ്റ്റ് സ്കോർ) നൽകും.
ഇത് മനസ്സിലാക്കി ഉപയോക്താക്കൾക്ക് ഇടപാടുകൾ ഒഴിവാക്കുകയോ നടത്തുകയോ ചെയ്യാം. കേരളാ പോലീസിന്റെ സൈബർ ക്രൈംസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ പുറത്തിറക്കാനാണ് ശ്രമം.
ഉപയോക്താക്കൾ ആപ്പിൽ നൽകുന്ന ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, ഇ-മെയിൽ ഉള്ളടക്കങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, സാമൂഹികമാധ്യമ പ്രൊഫൈലുകൾ, തുടങ്ങിയവയൊക്കെ പരിശോധിച്ചാണ് ഈ നിർമിത ബുദ്ധി ആപ്പ് ട്രസ്റ്റ് സ്കോർ നൽകുന്നത്.
വിശ്വസനീയം, സംശയാസ്പദം, തട്ടിപ്പുകാരുടേത് തുടങ്ങിയ രീതിയിലാകും ട്രസ്റ്റ് സ്കോർ. സൈബർ പോലീസിന്റെയും കേന്ദ്ര സംവിധാനങ്ങളുടെയും വിവര സഞ്ചയത്തിൽനിന്ന് തിരഞ്ഞാണ് ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമൊക്കെ വ്യാജമാണോ, നേരത്തേ തട്ടിപ്പിൽ ഉൾപ്പെട്ടതാണോ എന്നതൊക്കെ ആപ്പ് കണ്ടെത്തുക.