സിപിഐഎമ്മിൻ്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
രക്തസാക്ഷി സ്മരണകളുണർത്തി പാർട്ടി കോൺഗ്രസ്സ് നഗരിയിൽ ദീപശിഖ തെളിഞ്ഞു. രക്തസാക്ഷി സ്മൃതി കുടീരങ്ങളിൽ നിന്നും ആരംഭിച്ച ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. തമിഴ് വിപ്ലവ ഭൂമിയിൽ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ദീപശിഖാ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചത്. തമിഴ് പൈതൃകവും പോരാട്ട ചരിത്രവും വിളിച്ചോതിയ വിവിധ തനത് കലാപ്രകടനങ്ങളും അരങ്ങേറി.
കീഴ് വെൺമണിയിൽ നിന്ന് കേന്ദ്ര കമ്മറ്റിയംഗം യു വാസുകി നയിക്കുന്ന പതാക ജാഥ ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലെത്തും. ഈ മാസം 6ന് വൻ റാലിയോടെയാണ് സമ്മേളനം സമാപിക്കുക.