കണ്ണൂർ : ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് മഹോത്സവത്തിനിടെ തിടമ്പേറ്റിയ ആന ഇടഞ്ഞു. ശനിയാഴ്ച രാത്രി 9.45നാണ് സംഭവം.
ക്ഷേത്ര നടക്ക് സമീപവും വട്ടപ്പന്തലിലും നിരവധി പേരാണ് ഉത്സവം കാണാൻ എത്തിയത്. ആനയുടെ പരാക്രമം തുടങ്ങിയതോടെ ആള്‍ക്കാർ ചിതറിയോടി.
ആനയെ എഴുന്നള്ളിക്കുമ്പോള്‍ കയർ കെട്ടിയാണ് വഴിയൊരുക്കിയത്. തിടമ്പ് പിടിച്ചിരുന്നയാളെ തല കുലുക്കി താഴെയിടാൻ ശ്രമിച്ചതും തുമ്പിക്കൈ വീശി പരാക്രമം കാട്ടിയതും പരിഭ്രാന്തിയുണ്ടാക്കി.
ആനയുടെ സമീപത്തു നിന്നിരുന്ന പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിതറി ഓടുന്നതിനിടെ നിലത്തു വീണ് നിരവധി പേർക്ക് പരിക്കേറ്റു.
വട്ടപ്പന്തലിലെ നിരവധി തൂണുകളും ആന പിഴുതെറിഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷമാണ് ആനപ്പുറത്ത് തിടമ്പുമായുണ്ടായിരുന്നയാളെ താഴെയിറക്കാനായത്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ആഘോഷക്കമ്മിറ്റി, കാഴ്ചക്കമ്മിറ്റികള്‍, വെടിക്കെട്ട് നടത്തിയവർ എന്നിവർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. മുമ്പും ഉത്സവത്തിനിടെ ആന ഇടഞ്ഞിരുന്നു.