കണ്ണൂര്‍: നഗരമധ്യത്തില്‍ മറുനാടന്‍ തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമ ബംഗാള്‍ ജഗല്‍പുരി ലങ്കപ്പാറയില്‍ രഞ്ജിത്ത് മംഗാറിന് (36) ആണ് കുത്തേറ്റത്. വയറിന്റെ വലതുഭാഗത്ത് മുറിവേറ്റ യുവാവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. സ്റ്റേഡിയത്തിന് സമീപത്തെ സ്വാതന്ത്ര്യ സമര സ്തൂപത്തിന് സമീപത്ത് നിന്ന് യുവാവ് നടന്ന് വരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിന് സമീപം പോലീസ് സൊസൈറ്റി ഹാളിന് അടുത്തുള്ള റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്നയാള്‍ വിവരം അറിയിച്ചതിനെ തുടർന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷ സേനയും ടൗണ്‍ എസ്ഐ വി വി ദീപ്തിയും പോലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് ഇയാളെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരം ആയതിനാൽ പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.