Zygo-Ad

തീവണ്ടിവേഗം 130 കിമീ ആക്കുന്നു: പാളത്തില്‍ മൂന്നാം സിഗ്നല്‍ വരുന്നു


കണ്ണൂര്‍: തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 130 കിമീ ആക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പാളങ്ങളില്‍ മൂന്നാം സിഗ്നല്‍ സംവിധാനം വരുന്നു.

അതിവേഗത്തില്‍ വരുന്ന വണ്ടിക്ക് കൃത്യമായ സിഗ്‌നലിങ് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. ബി കാറ്റഗറിയിലെ 53 റൂട്ടുകളില്‍ റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ പ്രോജക്ട് വിഭാഗം ഈ പ്രവൃത്തി നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം വണ്ടി മാറാനുള്ള പാളവും നവീകരിക്കും.

തീവണ്ടി ഒരു സ്റ്റേഷനില്‍ കയറും മുന്‍പ് ആദ്യം കാണുന്ന സിഗ്നലാണ് ഡിസ്റ്റന്റ് സിഗ്നല്‍. അത് കഴിഞ്ഞ് ഹോം സിഗ്നല്‍. വണ്ടി മെയിന്‍ ലൈനിലേക്കാണോ ലൂപ്പ് ലൈനിലേക്കാണോ എന്ന് നിശ്ചയിക്കുന്നതാണിത്. ഡിസ്റ്റന്റ് സിഗ്നലിന് മുന്‍പ് ഒരു സിഗ്നല്‍ കൂടിയാണ് വരുന്നത്. ഡബിള്‍ ഡിസ്റ്റന്‍സ് സിഗ്നലെന്നാണ് ഇത് അറിയപ്പെടുക.

ഒരു കിലോമീറ്റര്‍ ഇടവിട്ടാണ് സിഗ്നല്‍ പോസ്റ്റ്. അതില്‍ മഞ്ഞ, പച്ച നിറങ്ങള്‍ ഉണ്ടാകും. ഈ നിറങ്ങള്‍ ഹോം സിഗ്നലിന്റെ സ്ഥിതി എന്താണെന്ന് സൂചന നല്‍കും. 

പച്ച ആണെങ്കില്‍ അനുവദിച്ച പരമാവധി വേഗത്തില്‍ തീവണ്ടിക്ക് മുന്നോട്ട് പോകാം. മഞ്ഞ മുന്നറിയിപ്പ് ആണെങ്കില്‍ പതുക്കെ മുന്നോട്ട് പോകാം.

ഹോം സിഗ്നലില്‍ ചുവപ്പ് ആണെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. അതിവേഗത്തില്‍ വരുന്ന വണ്ടി ഹോം സിഗ്നലിലെ ചുവപ്പ് കണ്ടാല്‍ പെട്ടെന്ന് നിര്‍ത്താനാകില്ല. 

അതിന്റെ സൂചന ഉള്‍പ്പെടെ ലോക്കോപൈലറ്റിന് രണ്ട് കിലോമീറ്ററിന് മുന്‍പ് നല്‍കാനാണ് മൂന്നാമതൊരു സിഗ്നല്‍ പോസ്റ്റ് വരുന്നത്.

വളരെ പുതിയ വളരെ പഴയ