Zygo-Ad

'കടുവ എന്നേക്കാള്‍ ഉയരത്തില്‍ ചാടി, തലയ്ക്കടിച്ചു: മയക്കുവെടി വെയ്ക്കുന്ന ദൗത്യ സംഘത്തിനു നേരെ ആക്രമണം: തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


വണ്ടിപ്പെരിയാർ (ഇടുക്കി): ഗ്രാമ്പിയില്‍ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത്.

രണ്ടു പേരും കുമളിയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുവയെ മയക്കുവെടി വെയ്ക്കുന്ന ദൗത്യ സംഘത്തിന്റെ മുൻ നിരയിലാണ് മനുവുണ്ടായിരുന്നത്. 

തൊട്ടു പിന്നില്‍ ആരോമലും ഡോക്ടറും. കടുവ തേയിലക്കാടിനുള്ളില്‍ ഏത് പൊസിഷനിലായിരുന്നു കിടന്നിരുന്നതെന്ന് അറിയാൻ സാധിച്ചിരുന്നില്ലെന്ന് മനു മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യത്തെ വെടി കൊണ്ടോ ഇല്ലയോ എന്ന് കാണാൻ സാധിച്ചിരുന്നില്ലെന്ന് മനു പ്രതികരിച്ചു. തുടർന്ന് വീണ്ടും ഒരു വെടികൂടി വെയ്ക്കാൻ തീരുമാനിച്ചു. വെടികൊണ്ടതും കടുവ നേരെ വന്നു. 

തേയിലത്തോട്ടത്തിന് നടുവിലായിരുന്നതിനാല്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാഹചര്യമില്ലായിരുന്നു. തന്റെ പിന്നിലായി ആരോമലും ഡോക്ടറും നില്‍ക്കുന്നതിനാല്‍ ഒഴിഞ്ഞു മാറിയാലും അവരില്‍ ആർക്കെങ്കിലും ആക്രമണമേല്‍ക്കും. 

ജീവനു തന്നെ ഭീഷണിയുണ്ടാകും എന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ട് കടുവയെ തടുക്കുകയല്ലാതെ മറ്റു .മാർഗമില്ലായിരുന്നുവെന്ന് മനു പറഞ്ഞു.

"കടുവയില്‍ നിന്ന് രക്ഷപ്പെടാൻ ഷീല്‍ഡ് കൊണ്ടാണ് തടഞ്ഞത്. കടുവയുടെ അടി കൊണ്ട് ഷീല്‍ഡ് പൊട്ടി. പിന്നെ എന്നേക്കാളും ഉയരത്തില്‍ പൊങ്ങി തലയ്ക്ക് അടിക്കുകയായിരുന്നു. അടികൊണ്ട് ഹെല്‍മറ്റ് തെറിച്ചു പോയപ്പോള്‍ ശരിക്കും പേടിയായി. പിന്നൊന്നും ഓർമയില്ല. 

കുറച്ചു നേരം കഴിഞ്ഞാണ് ബോധത്തിലേക്ക് വന്നത്. അപ്പോഴേക്കും കടുവയെ കൊണ്ടു പോയിരുന്നു. ഹെല്‍മറ്റ് ഉള്ളതു കൊണ്ടാണ് വലിയ പ്രശ്നമുണ്ടാകാതിരുന്നത്. 

കടുവ ദേഹത്തു കയറിയെങ്കിലും ഷീല്‍ഡ് ഉള്ളതു കൊണ്ടാണ് രക്ഷപ്പെട്ടത്. ശരീരത്തിന് വേദനയും ക്ഷീണവുമുണ്ട്." മനുവിന്റെ വാക്കുകള്‍.

ഹെല്‍മറ്റ് തെറിപ്പിച്ച ശേഷം വീണ്ടും മനുവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയപ്പോഴാണ് വെടി വെയ്ക്കേണ്ട സാഹചര്യമുണ്ടായതെന്ന് ഒപ്പം ആശുപത്രിയില്‍ കഴിയുന്ന ആരോമല്‍ പറഞ്ഞു. സ്വയരക്ഷ കരുതിയാണ് വെടി വെച്ചത്. 

ദൗത്യ സംഘം ചെല്ലുമ്പോള്‍ കടുവ അവശനായി കിടക്കുകയായിരുന്നു. അദ്ഭുതകരമായാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ആരോമല്‍ ആശ്വാസം പ്രകടിപ്പിച്ചു.

ക്ഷീണിതനായിരുന്നു കടുവയെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. പല്ലുകളും നഖങ്ങളും കൊഴിഞ്ഞിരുന്നു. 

മൃഗവേട്ടക്കാരുടെ കെണിയില്‍ വീണാണ് കടുവയ്ക്ക് പരിക്കേറ്റത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അവശ നിലയിലാണ് കടുവ ജനവാസ മേഖലയിലേക്കെത്തിയതെന്നും റിപ്പോർട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. കടുവയുടെ ജഡം പിന്നീട് തേക്കടിയിലെത്തിച്ചു. ചൊവ്വാഴ്ചയായിരിക്കും കടുവയുടെ പോസ്റ്റ്മോർട്ടം.

വളരെ പുതിയ വളരെ പഴയ