കണ്ണൂർ: ചക്ക ഇടുന്നതിനായി പ്ലാവില്‍ കയറി ദേഹാസ്വസ്യം അനുഭവപ്പെട്ട ആളെ അഗ്നിരക്ഷാ സേന രക്ഷിച്ച് താഴെയിറക്കി.
കാപ്പാട് കള്ളു ഷാപ്പിനു സമീപത്തെ ബിജേഷ് (40) ആണ് വീട്ടുവളപ്പിലെ പ്ലാവില്‍ കുടുങ്ങിയത്. പ്ലാവിന്റെ 35 അടിയോളം മുകളില്‍ എത്തിയപ്പോള്‍ ദേഹാസ്വസ്യം അനുഭവപ്പെടുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന കണ്ണൂരില്‍നിന്നെത്തി ബിജേഷിനെ താഴെ ഇറക്കി.
അഗ്നിരക്ഷാ സേനാംഗങ്ങളായ സി.വിനേഷ്, രാഗിൻ കുമാർ, എ.എഫ്.ഷിജോ എന്നിവർ മരത്തിനു മുകളില്‍ കയറി സാഹസികമായി റോപ് റെസ്ക്യൂ ഉപകരണങ്ങള്‍ ഉപയോഗിച്ച് ആളെ സുരക്ഷിതമായി താഴേക്ക് ഇറക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ ടി.അജയൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ എം.രാജീവൻ എന്നിവരാണ് നേതൃത്വം നല്‍കിയത്.