ചെറുപുഴ: രാജഗിരി ക്വാറിയില്‍ നിന്നു അനധികൃതമായി കരിങ്കല്ല് കടത്തുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറികള്‍ തടഞ്ഞു.
ഇന്നലെ രാവിലെ 7.45ന് രാജഗിരി ടൗണിലാണ് കോണ്‍ഗ്രസ് നേതാക്കക്കളും നാട്ടുകാരും ചേർന്നു ലോറികള്‍ തടഞ്ഞത്.
വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ചെറുപുഴ പോലീസ് ലോറിയും ലോഡും പരിശോധിക്കാതെ നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ നടത്തിയ ശ്രമം സംഘർഷത്തില്‍ കലാശിച്ചു.
ഏറെ നേരം സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് കരിങ്കല്ലുമായി വന്ന ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയും സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് മഹേഷ് കുന്നുമ്മല്‍, പുളിങ്ങോം മണ്ഡലം പ്രസിഡന്‍റ് മനോജ് വടക്കേല്‍, ജയ്സണ്‍ പൂക്കളത്തേല്‍, ജേക്കബ് കണ്ണാട്ട്, ജിജോ പുത്തൻപുര, ബെന്നി കാനകാട്ട്, ജയിംസ് രാമത്തറ, ബാബു കണംകൊമ്പില്‍, സബിൻ കീഴേത്തുമറ്റം, സ്കറിയ നടുവിലെക്കൂറ്റ്, ഷാജൻ ജോസ്, സലീം തേക്കാട്ടില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ നിയമം ലംഘിച്ച് കരിങ്കല്ലുമായി പിടികൂടിയ ലോറികള്‍ ജിയോളജി, ജിഎസ്ടി വകുപ്പുകള്‍ക്ക് കൈമാറാതെ പോലീസ് 1000 രൂപ പിഴ ചുമത്തി വിട്ടയച്ചു.
ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് നേതാക്കള്‍ ചെറുപുഴ പോലീസ് സ്റ്റേഷന് മുന്നില്‍ വീണ്ടും ലോറികള്‍ തടഞ്ഞു.
നേതാക്കള്‍ ലോറിക്ക് മുന്നില്‍ കിടന്നു പ്രതിഷേധിച്ചു. ഇതോടെ പോലീസ് വീണ്ടും കോണ്‍ഗ്രസ് നേതാക്കളെയും നാട്ടുകാരെയും കസ്റ്റഡിയിലെടുത്തത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ഒരാഴ്ച മുമ്പ് തന്നെ രാത്രിയിലും അതി രാവിലെയും അനധികൃത കരിങ്കല്‍ കടത്തിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്കും ജിയോളജി വകുപ്പിനും പരാതി നല്‍കിയിരുന്നു.
ജില്ലാ പോലീസ് മേധാവി പരാതി തുടർ നടപടികള്‍ക്കായി ചെറുപുഴ പോലീസിന് കൈമാറിയിരുന്നുവെങ്കിലും ചെറുപുഴയിലെ പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ചെറുപുഴ പോലീസ് ക്വാറികള്‍ക്ക് അനുകൂലമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
റോഡരികില്‍ പാർക്ക് ചെയ്തതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നാട്ടുകാരെ ഓടിച്ചിട്ടു പിടികൂടുന്ന പോലീസ് ക്വാറിയില്‍ നിന്നും അനധികൃതമായുള്ള കരിങ്കല്‍ കടത്തിന് അനുകൂല നിലപാടാണ് പുലർത്തുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതിഷേധക്കാർക്ക് പിന്തുണയുമായി ചെറുപുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാന്‍റി കലാധരനും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.