പരിയാരം: കൈതപ്രം പൊതുജന വായനശാലയ്ക്കു സമീപത്തെ ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രവര്‍ത്തകനുമായ കുനിയങ്കോട്ടെ കെ.കെ രാധാകൃഷ്ണന്റെ (49) കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി എന്‍.കെ സന്തോഷിനെ (40) പൊലിസ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
പയ്യന്നൂര്‍ സി. ഐ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പൊലിസ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കെ.കെ രാധാകൃഷ്ണന്റെ ഭാര്യയില്‍ നിന്നും കൊലപാതകത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് മൊഴിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
ഇവരുമായി പ്രതി എന്‍.കെ സന്തോഷിന് അടുത്ത സൗഹാര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇതിനെ രാധാകൃഷ്ണന്‍ എതിര്‍ത്തിരുന്നുവെന്നും മകന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിനോദ സഞ്ചാര യാത്ര നടത്തിയതിനിടെ രാധാകൃഷ്ണന്റെ ഭാര്യയും പ്രതി സന്തോഷും ഒന്നിച്ചു ഫോട്ടോയെടുത്തത് ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ചതിനെ ചൊല്ലി കുടുംബ വഴക്കുണ്ടായെന്നാണ് മകന്റെ മൊഴി.
ഇതിനിടെ കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുക്കുന്നതിനായി രാധാകൃഷ്ണന്റെ ഭാര്യയുടെ ഫോണ്‍ പരിശോധന പൊലിസ് നടത്തി വരികയാണ്. ഫോണ്‍ കോളുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, വീഡിയോകള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ പോസ്റ്റുകള്‍ എന്നിവയാണ് പൊലിസ് പരിശോധിച്ചു വരികയാണ്
ഇതിനു ശേഷമാണ് രാധകൃഷ്ണന്റെ ഭാര്യയുടെ മൊഴിയെടുക്കുക. ഗൂഡാലോചന കുറ്റത്തിന് ഇവരെ പ്രതി ചേര്‍ക്കാന്‍ തക്കവണ്ണമുളള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.
എന്നാല്‍ രാധാകൃഷ്ണനെ വെടിവച്ചു കൊന്ന തോക്ക് ഇദ്ദേഹത്തിന്റെ ഭാര്യയും അമ്മയും താമസിക്കുന്ന വാടക വീട്ടിലെ മോട്ടോര്‍ പമ്പ് ഹൗസിലെ മുറിയിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.