തിരുവനന്തപുരം :മാർച്ച് മാസം അവസാനിക്കും മുമ്പേ കേരളം വെന്തുരുകുകയാണ്. ഇടമഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസം ചൂട് 40 മുതൽ 43 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസിലാണ് പകല്‍ താപനില.
രാവിലെ 10 മണി ആകുമ്പോഴേക്കും പുറത്തിറങ്ങാനാവാത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ വേനല്‍മഴ പെയ്ത് അന്തരീക്ഷം തെളിയുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സൂര്യനില്‍ നിന്നുള്ള അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ശക്തമായി പതിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മഴക്കാറും മഴയും പൊടിപടലങ്ങളും ഉണ്ടെങ്കില്‍ പേടിക്കേണ്ട. എന്നാല്‍, ഒഴിഞ്ഞ അന്തരീക്ഷത്തില്‍ തടസങ്ങളില്ലാതെ വേഗം ഭൂമിയിലെത്തുന്ന രശ്മികള്‍ തുടർച്ചയായി ഏല്‍ക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. നിറം മാറി പൊള്ളലുണ്ടാക്കാം. കാഴ്ചശക്തിയെയും പ്രതിരോധശക്തിയെയും ബാധിക്കാം. 2014-ന് ശേഷം അള്‍ട്രാവയലറ്റ് രശ്മിയുടെ ശക്തി വർദ്ധിക്കുന്നതായാണ് നിരീക്ഷണം. അതു ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കും. എ, ബി, സി എന്നിങ്ങനെ മൂന്ന് തരമുണ്ട് അള്‍ട്രാ വയലറ്റ് രശ്മികള്‍. കൂടുതല്‍ ശക്തിയുള്ള സി താഴെ പതിക്കാതെ ഭൂമിക്ക് രണ്ട് കിലോമീറ്റർ മുകളില്‍ വെച്ച് വിവിധ വാതകങ്ങള്‍ വലിച്ചെടുക്കും.
ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് ബി, കണ്ണിലെ തിമിരത്തിന് ഉള്‍പ്പെടെ കാരണമാകും. വിവിധ ത്വക്ക് രോഗങ്ങളും ഉണ്ടാക്കും. അള്‍ട്രാവയലറ്റ് എ ജീവജാലങ്ങളുടെ ശരീരത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുമെന്നാണ് നിഗമനം. ചൂട് രൂക്ഷമാക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മിയുടെ അളവ് രേഖപ്പെടുത്താനും പ്രത്യാഘാതം വിലയിരുത്താനും സെൻസറുകള്‍ സ്ഥാപിക്കും.
രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു സംരംഭം. ചൂട് വ്യാപകമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് അള്‍ട്രാവയലറ്റ്
രശ്മിയുടെ അളവും പ്രത്യാഘാതവും നിരീക്ഷിച്ചു തുടർ നടപടികള്‍ക്ക് യുഎൻഡിപി സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25 മുതല്‍ ജൂണ്‍ 1 വരെ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാല്‍ 1676 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ 800 പേർ സൂര്യാതപത്തില്‍ പൊള്ളലേറ്റവരാണ്.