Zygo-Ad

സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം കൂട്ടാനാവില്ല; ​സമരക്കാരോട് ഗുജറാത്ത് ചെയ്ത പോലെ കേരളം ചെയ്യില്ല' മന്ത്രി കെ എൻ ബാലഗോപാൽ

 


തിരുവനന്തപുരം  ആശാവർക്കർമാരുടെ കാര്യത്തിൽ അനുഭാവ പൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സമരക്കാരോട്​ ദേഷ്യമോ വിരോധമോ ഇല്ല. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്​. അവർക്ക്‌ ഓണറേറിയം ഉൾപ്പെടെ കുടിശ്ശികയുണ്ടായിരുന്നു. അത്‌ തീർപ്പാക്കിയെന്ന് മന്ത്രി ബാല​ഗോപാൽ പറഞ്ഞു.

വേതനം വർധിപ്പിക്കുമെന്ന്‌ പറഞ്ഞാൽ മാത്രം പോര, അത്​ ചെയ്യാനാകണം. നിലവി​ലെ സാഹചര്യത്തിൽ സംസ്ഥാനത്തിന്‌ ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ്​ സമരക്കാർ ഉന്നയിക്കുന്നത്​. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ല. ആശ വർക്കർമാരുടെ സമരത്തിന്‌ നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ ആരോപിച്ചു.

ഒരേസമയം ഇരയ്​ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ്​ സമരത്തിൽ ബിജെപി സ്വീകരിക്കുന്നത്‌. അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. പത്തു വർഷത്തിലേറെയായി ഇൻസെന്റീവ്‌ കൂട്ടിയില്ല. ഗുജറാത്തിൽ സമരം ചെയ്‌ത രണ്ടായിരം ആശമാരെ ബിജെപി സർക്കാർ പിരിച്ചുവിട്ടു. എന്നാൽ കേരളം അതുപോലെ ചെയ്യില്ലെന്നും മന്ത്രി ബാല​ഗോപാൽ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ