Zygo-Ad

ജനനസർട്ടിഫിക്കറ്റ് തിരുത്തൽ: ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയ പേര് ജനനസർട്ടിഫിക്കറ്റിൽ മാറ്റാൻ അവസരം

 


തിരുവനന്തപുരം ∙ കേരളത്തിൽ ജനനം റജിസ്റ്റർ ചെയ്ത ആർക്കും ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന റജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റാമെന്ന തരത്തിൽ നിബന്ധനകളിൽ സർക്കാർ ഇളവു വരുത്തി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും വിദേശത്തു പഠനം നടത്തിയവർക്കും ഗുണകരമാകുന്നതാണ് ഇപ്പോഴത്തെ മാറ്റം. വർഷങ്ങളായി നിലനിന്ന സങ്കീർണതയാണു പരിഹരിച്ചതെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. 

നിലവിൽ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരു മാറ്റാനും തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ ജനനസർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരം ഉണ്ടായിരുന്നത്. സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും വിദേശത്തു പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുപയോഗിച്ച് സ്കൂൾ രേഖകൾ മാറ്റാനാവാത്തതിനാൽ ജനനസർട്ടിഫിക്കറ്റ് തിരുത്താൻ സാധിച്ചിരുന്നില്ല. സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ തിരുത്തിയ ജനനസർട്ടിഫിക്കറ്റും, ജനനസർട്ടിഫിക്കറ്റ് തിരുത്താൻ പേരു തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റും വേണമെന്നതായിരുന്നു സ്ഥിതി. പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്കും കാലതാമസത്തിന് ഈ വ്യവസ്ഥകൾ കാരണമായിരുന്നു. തദ്ദേശ വകുപ്പ് വരുത്തിയ ഇളവ് ഉടൻ ജനന റജിസ്ട്രേഷനുള്ള ഓൺലൈൻ സംവിധാനമായ കെ- സ്മാർട്ടിൽ വരുത്തും. 

കൊല്ലം ഇളമ്പള്ളൂർ പഞ്ചായത്തിലെ വഞ്ചിമുക്ക് ലക്ഷ്മി സദനത്തിൽ കണ്ണൻ ബി. ദിവാകരൻ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. കണ്ണൻ ബൈജു എന്ന പേര് ഗസറ്റ് വിജ്ഞാപനപ്രകാരം കണ്ണൻ ബി. ദിവാകർ എന്നാക്കി മാറ്റി. എന്നാൽ സ്കൂൾ സർട്ടിഫിക്കറ്റ് സിബിഎസ്ഇയുടേത് ആയിരുന്നതിനാൽ, തിരുത്തിയ ജനന സർട്ടിഫിക്കറ്റ് അനിവാര്യമായി.

വളരെ പുതിയ വളരെ പഴയ