Zygo-Ad

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു മാറ്റാന്‍ അപേക്ഷ ക്ഷണിച്ചു

 


യാത്രാനിരക്ക് കൂടുതലായതിനാല്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കണ്ണൂരിലേക്കു മാറ്റാൻ താല്‍പര്യമുള്ള തീര്‍ഥാടകരില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.

കണ്ണൂരില്‍നിന്ന് 516 സീറ്റുകള്‍ ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ച സാഹചര്യത്തിലാണിത്.

പുറപ്പെടല്‍ കേന്ദ്രം മാറ്റുന്നതിന് തിങ്കളാഴ്ച മുതല്‍ മാർച്ച്‌ 23 വരെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 

ഹജ്ജിന് അപേക്ഷിച്ചപ്പോള്‍ ഒന്നാമത്തെ പുറപ്പെടല്‍ കേന്ദ്രമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും രണ്ടാമതായി കണ്ണൂര്‍ വിമാനത്താവളവും തിരഞ്ഞെടുത്ത തീര്‍ഥാടകര്‍ക്കു മാത്രമാണ് പുറപ്പെടല്‍ കേന്ദ്രം മാറ്റാന്‍ അവസരം. താല്‍പര്യമുള്ള തീര്‍ഥാടകര്‍ ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചതിന് ഉപയോഗിച്ച യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച്‌ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലെ (https:// www.hajcommittee.gov.in (https:// www.hajcommittee.gov.in) പില്‍ഗ്രിം പേജില്‍ ലോഗിന്‍ ചെയ്ത് പുറപ്പെടല്‍ കേന്ദ്രം മാറ്റുന്നതിനുള്ള സന്നദ്ധത രേഖപ്പെടുത്തണം. മാറാന്‍ താല്‍പര്യമുള്ളവര്‍ 'യെസ്' (Y) എന്ന് തിരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടത്. 

അവസാന തീയതിയായ 23 വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച്‌ കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ ലഭ്യമായ സീറ്റുകളിലേക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കും. 

ആവശ്യമെങ്കില്‍ നറുക്കെടുപ്പിലൂടെയാകും തിരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച നടപടികള്‍ 25നകം പൂര്‍ത്തിയാക്കി തിരഞ്ഞെടുക്കപ്പെടുന്ന തീർഥാടകർക്ക് അറിയിപ്പ് നല്‍കും.

വളരെ പുതിയ വളരെ പഴയ