Zygo-Ad

തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി കലക്ടറുൾപ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റു


തിരുവനന്തപുരം: തിരുവനന്തപുരം കളക്‌ടറേറ്ററില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ മാർഗമാണ് തിരുവനന്തപുരം ഡിസിപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചതിന് പിന്നാലെ കളക്ടറേറ്റിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. കേരള പൊലീസിന്‍റെ ഡോഗ് സ്ക്വാഡായ കെ -9 സ്ക്വാഡും ബോംബ് സ്ക്വാഡും ഫയർ ഫോഴ്‌സ് സംഘവുമെത്തി പരിശോധന തുടങ്ങി.

പരിശോധയ്ക്ക് ഇടയില്‍ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിശോധനാ സംഘത്തിന് കലക്‌ടറേറ്റ് കെട്ടിടത്തിന് പുറത്ത് പരിശോധന നടത്താന്‍ കഴിയാത്ത തരത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.

കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, ഇന്ന് രാവിലെ പത്തനംതിട്ട കളക്‌ടറേറ്ററിന് നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. കളക്‌ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ വഴി ലഭിക്കുകയായിരുന്നു. 

ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. അഫ്സല്‍ ഗുരുവിനെ നീതിനിഷേധിച്ച്‌ തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

വളരെ പുതിയ വളരെ പഴയ