കണ്ണൂർ : പതിനാറുകാരിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയച്ച് ലൈംഗിക ചൂഷണത്തിനായി പ്രലോഭിച്ച യുവാവിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.
പയ്യാവൂർ കാഞ്ഞിരക്കൊല്ലി കുരങ്ങൻ മലയിലെ കെ.ആർ. രാഗേഷിനെയാണ് (34) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2021 ഒക്ടോബർ മാസം മുതല്‍ തന്നെ പീഡനം ആരംഭിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ എടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
18 വയസ് പൂർത്തീകരിച്ചാലുടൻ തൻ്റെ കൂടെ വന്ന് താമസിച്ചില്ലെങ്കില്‍ മൊബൈലില്‍ എടുത്ത ഫോട്ടോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
അന്നത്തെ പയ്യാവൂർ ഇൻസ്പെക്ടർ പി. ഉഷാദേവിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ എം.ജെ.ബെന്നി, കെ. ഷറഫുദ്ദീൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.