Zygo-Ad

ഉപ്പിലിട്ടതിനും ഫുള്‍ജാര്‍ സോഡയ്ക്കും നിരാേധനം, ഇഫ്താര്‍ വിരുന്നുകള്‍ക്ക് പേപ്പര്‍ ഗ്ലാസിനും വിലക്ക്


മഞ്ചേരി: റംസാനില്‍ രാത്രി കാലങ്ങളില്‍ ഫുള്‍ജാർ സോഡ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീതള പാനീയങ്ങളും അനുവദനീയമായ അളവിലും കൂടുതലായി പ്രിസർവേറ്റീവ് ചേർത്തിട്ടുള്ള ഉപ്പിലിട്ടതും വില്‍ക്കുന്നത് നിരോധിച്ച്‌ നഗരസഭ ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.

മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിലും മരണം വരെ സംഭവിക്കുന്ന സാഹചര്യത്തിലും പരിശോധനയും നടപടികളും കർശനമാക്കുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ അറിയിച്ചു. 

റംസാൻ കാലമായതിനാല്‍ അനധികൃത പാനീയങ്ങളുടെ എല്ലാ കച്ചവടവും നിരോധിക്കാൻ തീരുമാനിച്ചു. 

അംഗീകൃത മിനറല്‍ വാട്ടർ ജാർ ഉപയോഗിച്ച്‌ മാത്രമേ പാനീയങ്ങള്‍ തയാറാക്കാവൂ എന്നും ഉപയോഗിക്കുന്ന മിനറല്‍ വാട്ടറിന്റെ കൃത്യമായ രേഖകള്‍ കടയില്‍ ഉണ്ടായിരിക്കണമെന്നും ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം പറഞ്ഞു.

എല്ലാവർക്കും ഹെല്‍ത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റ് എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം. 

കടയിലെ മലിനജലവും മാലിന്യവും ഓടയിലേക്കോ പൊതു സ്ഥലത്തേക്കോ ഒഴുക്കി വിടരുതെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരില്‍ പ്രോസിക്യൂഷൻ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഇഫ്താർ സംഗമങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പുനരുപയോഗ സാധ്യതയുള്ള സ്റ്റീല്‍ പാത്രങ്ങളും പ്ലേറ്റുകളും ഉപയോഗിക്കണം. 

നോമ്പ് തുറക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച്‌ പാനീയങ്ങള്‍ തയ്യാറാക്കണം. ഹരിത പ്രോട്ടോക്കോള്‍ പാലിക്കാനും നിർദേശം നല്‍കി.

വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, അഡ്വ.പ്രേമ രാജീവ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ