Zygo-Ad

പെരിയയില്‍ നാട്ടുകാര്‍ കണ്ടത് പുലിയെ തന്നെയാണെന്ന് ആര്‍ആര്‍ടി സംഘം സ്ഥിരീകരിച്ചു; പട്ടിയെ കടിച്ച്‌ കൊന്ന സ്ഥലത്ത് 2 ദിവസം പുലിയെത്തി; ക്യാമറ സ്ഥാപിച്ചു


പെരിയ: പുല്ലൂര്‍-പെരിയ ആയമ്പാറയില്‍ പ്രദേശ വാസികള്‍ കണ്ടത് പുലിയെ തന്നെയാണെന്ന് സ്ഥലത്തെത്തിയ റാപിഡ് റെസ്പോണ്‍സ് ടീം (ആര്‍ ആര്‍ ടി) നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ആയമ്പാറയിലെ അബ്രഹാമിൻ്റെ വീട്ടിലെ പട്ടിയെയാണ് പുലി കടിച്ചു കൊന്നത്. വിവരം അറിഞ്ഞ് സുഹൃത്തായ സജി വാതപ്പള്ളിയും അയല്‍വാസികളായ മഹേഷ്, നിശാന്ത് എന്നിവരും കാറില്‍ സ്ഥലത്ത് എത്തുമ്പോഴാണ് മുന്നില്‍ പുലിയെ കണ്ടത്.

അവിടെ നിന്നും പുലി രക്ഷപ്പെട്ട് പോവുകയായിരുന്നു. വലിയ പുലിയെ നേരില്‍ കണ്ട് ഭയന്നെന്ന് സജി പ്രതികരിച്ചു. വെള്ളിയാഴ്ച പുലി വീണ്ടും ഇതേ സ്ഥലത്ത് വന്ന്, കടിച്ചു കൊന്ന പട്ടിയുടെ തല ഒഴികെയുള്ള ബാക്കി ഭാഗം ഭക്ഷിച്ചതായും കണ്ടെത്തി. 

വെള്ളിയാഴ്ച രാത്രി ആയമ്പാറയ്ക്ക് സമീപത്ത് തൊട്ടോട്ട്, മാരാങ്കാവ് എന്നിവിടങ്ങളിലും പുലിയെ കണ്ടെതായി നാട്ടുകാർ പറയുന്നു. ഇതേ സ്ഥലത്തെ ബിന്ദു എന്ന വീട്ടമ്മയുടെ വളര്‍ത്തു പട്ടിയെ കടിച്ചു കൊന്നതായും പറയുന്നുണ്ട്.

നാട്ടുകാർ എംപിയെ വിവരം അറിയിച്ചതിനെ തുടർന്ന് എം.പി വനം വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് ആര്‍ ആര്‍ ടി സംഘം ശനിയാഴ്ച ഉച്ചയോടെ ആയമ്പാറയില്‍ എത്തിയത്. 

പുലിയുടെ കാല്‍പാടുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പള്ളത്തിന് സമീപം ക്യാമറകള്‍ സ്ഥാപിച്ചതായി വന വകുപ്പ് അധികൃതർ അറിയിച്ചു. ക്യാമറയില്‍ പുലി തെളിഞ്ഞാല്‍ പിടി കൂടാൻ കൂടുകള്‍ സ്ഥാപിക്കും.

കുറ്റിക്കാടുകള്‍ നിറഞ്ഞ ചെങ്കല്‍ പണകളിലും മറ്റും വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ ആര്‍ ടി സംഘവും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പള്ളത്തില്‍ വെള്ളം കുടിക്കാൻ വീണ്ടും പുലിയെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

 പുലിയുടെ സാന്നിധ്യം വ്യക്തമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. എസ് എഫ് ഒ ജയന്റെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘമാണ് സ്ഥലത്തെത്തിയത്.

വളരെ പുതിയ വളരെ പഴയ