കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും എൻഎസ്ജി കമാൻഡോകളുടെ മിന്നല്‍ ഓപ്പറേഷൻ.
'സ്ഫോടക വസ്തുക്കളുമായി' എത്തിയ തീവ്രവാദികളെ പിടികൂടാൻ അർധരാത്രി മുതല്‍ പുലർച്ചെ നാലു വരെയാണ് തദ്ദേശ വാസികളെ മുള്‍മുനയില്‍ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉള്‍പ്പെടെ വിച്‌ഛേദിച്ചു കൊണ്ട് നടത്തിയ 'മിന്നല്‍ ആക്രമണത്തില്‍' ഞെട്ടിയ പരിസരവാസികള്‍ക്ക് ഇതു മോക്‌ഡ്രില്‍ ആണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സന്ദർശനം നടത്താനുള്ള തയാറെടുപ്പിന് മുന്നോടിയായാണ് ദേശീയ സുരക്ഷാസേനയുടെ 150 അംഗ സംഘം പരിശോധന നടത്തിയത്.
രാത്രി 11 ഓടെ എത്തിയ എൻഎസ്ജി സംഘം രാജരാജേശ്വരം ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കയറിക്കൂടിയ തീവ്രവാദികളെ പിടികൂടി വധിക്കുന്നതിന്റെയും അവിടെ നിന്ന് രക്ഷപ്പെട്ട് പറശ്ശിനി മുത്തപ്പ ക്ഷേത്രത്തില്‍ എത്തി അഭയം തേടിയ തീവ്രവാദികളെ അവിടെ ചെന്ന് പിടി കൂടുന്നതിന്റെയും മോക്‌ഡ്രില്ലാണ് നടത്തിയത്.
മോക്‌ഡ്രില്‍ ആരംഭിച്ചപ്പോള്‍ തന്നെ ക്ഷേത്ര പരിസരത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടഞ്ഞിരുന്നു. സിനിമാ നിർമിതാവും വ്യവസായിയുമായ മൊട്ടമ്മല്‍ രാജൻ നിർമിച്ച് രാജരാജേശ്വര ക്ഷേത്രത്തില്‍ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രിയെ കൊണ്ടു വരാൻ ശ്രമം നടത്തുന്നത്.
ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച പ്രതിമ കഴിഞ്ഞ ദിവസം കേന്ദ്ര ആർക്കിയോളജിക്കല്‍ വിഭാഗം എത്തി പരിശോധിച്ചിരുന്നു. കണ്ണൂർ റൂറല്‍ എസ്പി അനൂജ് പാലിവാലിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തി വരികയാണ്.


