Zygo-Ad

നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍

 


വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.

എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.

വളരെ പുതിയ വളരെ പഴയ