Zygo-Ad

ജോലിയില്ലാത്തതിന്റെ പേരിലും സൗന്ദര്യം കുറവാണെന്നും പറഞ്ഞ്‌ പീഡനം ; യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍


 മഞ്ചേരി: യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സും എളങ്കൂര്‍ പേലേപ്പുറം സ്വദേശിയുമായ കാപ്പില്‍ത്തൊടി പ്രഭിനെ(32)യാണു പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌

കഴിഞ്ഞദിവസം വൈകിട്ട്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസ്‌.പൂക്കോട്ടുംപാടം മാനിയില്‍ പാലൊളി വാസുദേവന്റെ മകള്‍ വിഷ്‌ണുജ(26)ആണ്‌ മരിച്ചത്‌. ഭര്‍തൃവീട്ടില്‍ വിഷ്‌ണുജ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും വിവാഹം കഴിഞ്ഞ്‌ ആഴ്‌ചകള്‍ക്കകം ജോലിയില്ലാത്തതിന്റെ പേരിലും സൗന്ദര്യം കുറവാണെന്നും പറഞ്ഞ്‌ പ്രഭിന്‍ പീഡനം തുടങ്ങിയെന്നാണ്‌ അവരുടെ കുടുംബം പറയുന്നത്‌.

സംഭവത്തില്‍ പ്രഭിന്റെ ബന്ധുക്കളെ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കഴിഞ്ഞ 30ന്‌ വൈകിട്ട്‌ 5.30ന്‌ ആണ്‌ വിഷ്‌ണുജ മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്‌. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

2023 മേയിലായിരുന്നു ഇരുവരുടെയും വിവാഹം. ബിരുദ പഠനത്തിന്‌ ശേഷം എച്ച്‌.ഡി.സി. കോഴ്‌സ് പൂര്‍ത്തിയാക്കി ബാങ്കിങ്‌ പരീക്ഷയ്‌ക്ക് തയാറെടുക്കുകയായിരുന്നു. മലപ്പുറം ഡിവൈ.എസ്‌.പി: ടി.എസ്‌. സിനോജിനാണ്‌ അന്വേഷണ ചുമതല. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

വളരെ പുതിയ വളരെ പഴയ