Zygo-Ad

ആര്‍ക്കും വേണ്ടാതെ ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍; കോടികള്‍ വെള്ളത്തില്‍

 


പാപ്പിനിശ്ശേരി: വിനോദ സഞ്ചാര മേഖലക്ക് വൻ കുതിപ്പേകുമെന്ന് പ്രഖ്യാപിച്ച്‌ നിർമാണം പൂർത്തിയാക്കിയ വളപട്ടണം പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ ആർക്കും വേണ്ടാതെ കിടക്കുന്നു.

പാപ്പിനിശ്ശേരിയിലെ പാറക്കലിലും പറശ്ശിനിക്കടവിലും മറ്റും മികച്ച സൗകര്യങ്ങളോടെയാണ് വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. അധികാരികളുടെ അനാസ്ഥ കാരണം ഇവ പുഴയോരത്ത് നോക്കു കുത്തിയായി നിലകൊള്ളുകയാണ്. 

കേന്ദ്ര സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഇത്തരം സൗകര്യങ്ങള്‍ പുഴയോരത്ത് ഒരുക്കിയത്. 

പാറക്കലില്‍ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് മാത്രം 1.90 കോടിയാണ് ചെലവ്. ടൂറിസം മേഖലക്ക് വൻ കുതിപ്പുണ്ടാക്കാൻ തയാറാക്കിയ പദ്ധതികളെല്ലാം ലക്ഷ്യം കാണാതെ കടലാസിലൊതുങ്ങി. ഇപ്പോള്‍ ഇവിടം തെരുവു നായ്ക്കളുടെ സുഖവാസ കേന്ദ്രമായി. 

പാറക്കല്‍ കേന്ദ്രമായി ടൂറിസം സർക്യൂട്ട് 

ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം പാറക്കലില്‍ വിഭാവനം ചെയ്യുന്നത് വലിയ സാധ്യതകളുള്ള ടൂറിസം സർക്യൂട്ട് കൂടിയാണ്. ഭഗത് സിങ് ഐലൻഡ് അടക്കം കൊച്ചു ദ്വീപുകളെയും തുരുത്തുകളേയും കോർത്തിണക്കി ബോട്ട് സർവ്വീസ് ഉള്‍പ്പെടെ തുടങ്ങാനായിരുന്നു ലക്ഷ്യം. ഇതിനായി പാറക്കലില്‍ പാർക്കും ഇരിപ്പിടവും പൂന്തോട്ടവും നിർമിക്കാനുള്ള ശ്രമവും തുടങ്ങി. 

കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ ദേശീയ- അന്തർ ദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം മാർക്കറ്റും വിഭാവനം ചെയ്തത്. 

ഭക്ഷണ ശാലകളും പക്ഷി തൂണുകളും ഏറുമാടവും കരകൗശല വില്‍പന ശാലകളും അടക്കം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് മാർക്കറ്റില്‍ ഒരുക്കേണ്ടതുണ്ട്. 

എന്നാല്‍, ദീർഘ വീക്ഷണമില്ലാതെ കോടികള്‍ മുടക്കി നിർമിക്കുന്ന പദ്ധതികള്‍ പലതും വ്യക്തമായ ആസൂത്രണമില്ലാതെ വെള്ളത്തിലാകുന്ന സാഹചര്യമാണ്. 

മാലിന്യം അടിഞ്ഞു കൂടല്‍ കേന്ദ്രം 

വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്ന പ്രധാന കേന്ദ്രമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പരിസരം. പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ആദ്യം വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് സ്ഥാപിക്കാൻ നിശ്ചയിച്ചത്. 

നിർമാണവും തുടങ്ങിയിരുന്നു. എന്നാല്‍, പുഴയില്‍ സ്ഥാപിച്ച സാമഗ്രികളില്‍ മാലിന്യം കുമിഞ്ഞു കൂടിയതിനെ തുടർന്ന് പ്രതിഷേധമുണ്ടായതോടെ എടുത്തു മാറ്റി സമീപത്ത് മാസങ്ങളോളം കൂട്ടിയിട്ടു. 

വീണ്ടും പ്രതിഷേധം ഉയർന്നതോടെ പാറക്കലിലെ ബോട്ട് ജെട്ടിക്ക് സമീപം ഫ്ലോട്ടിങ് ബ്രിഡ്ജും ടെർമിനലും നിർമിച്ചു. 

സമാന രീതിയിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജാണ് പറശ്ശിനിക്കടവിലും സ്ഥാപിച്ചത്. ഇവിടെയും ഒന്നര വർഷം പ്രവൃത്തി ഇഴഞ്ഞ ശേഷം ഒരു വർഷം മുമ്പാണ് പൂർത്തിയാക്കിയത്. 

ഉത്തര മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ തീർഥാടക വിനോദ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമായിട്ടും ഈ ഫ്ലോട്ടിങ് ബ്രിഡ്ജും വെറുതെ കിടക്കുകയാണ്. 

എന്നാല്‍, ടെൻഡർ നടപടികളിലേക്ക് ഉടൻ നീങ്ങുമെന്നാണ് ജില്ല വിനോദ സഞ്ചാര വകുപ്പ് അധികൃതർ പറയുന്നതെങ്കിലും നടപടികള്‍ ജല രേഖയായി.

വളരെ പുതിയ വളരെ പഴയ